Latest Malayalam News - മലയാളം വാർത്തകൾ

അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ കോടതി

Pune court asks Rahul Gandhi to appear in person in defamation case

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ പ്രത്യേക കോടതി. ഈ മാസം 23ന് ഹാജരാകണമെന്നാണ് സമന്‍സ്. രാഹുല്‍ ലണ്ടനില്‍ വച്ച് നടത്തിയ പരാമര്‍ശത്തിന് എതിരെ സവര്‍ക്കറിന്റെ കൊച്ചുമകന്‍ സത്യകി സവര്‍ക്കര്‍ ആണ് കോടതിയെ സമീപിച്ചത്. 2023 മാര്‍ച്ച് അഞ്ചിന് രാഹുല്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ടാണ് പരാതി നല്‍കിയത്. ഏപ്രിലില്‍ സത്യകി പൂനെ മജിസ്‌ട്രേറ്റിന് പരാതി നല്‍കി. സവര്‍ക്കറുടെ പേരിന് കളങ്കം വരുത്തുകയും കുടുംബത്തെ മാനസികമായി ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന തെറ്റായ ആരോപണങ്ങള്‍ രാഹുല്‍ഗാന്ധി മനപ്പൂര്‍വം ഉന്നയിച്ചു എന്നായിരുന്നു പരാതി.

സവര്‍ക്കറും അദ്ദേഹത്തിന്റെ നാലഞ്ച് സുഹൃത്തുക്കളും ചേര്‍ന്ന് ഒരിക്കല്‍ ഒരു മുസ്ലിമിനെ മര്‍ദ്ദിച്ചതായും അതില്‍ അവര്‍ക്ക് സന്തോഷം തോന്നിയെന്നും വിഡി സവര്‍ക്കര്‍ ഒരു പുസ്തകത്തില്‍ എഴുതിയിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി ലണ്ടനിലെ പ്രസംഗത്തിനിടെ പറഞ്ഞതായി സത്യകി സവര്‍ക്കര്‍ തന്റെ പരാതിയില്‍ പറയുന്നു. ഈ ആരോപണം അസത്യവും, തെറ്റായതും വിദ്വേഷം പടര്‍ത്തുന്നതുമാണെന്ന് സത്യകി ആരോപിച്ചു. പരാതി അന്വേഷിക്കാന്‍ കോടതി ഈ വര്‍ഷം ആദ്യം ലോക്കല്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. പരാതിയില്‍ പ്രഥമദൃഷ്ട്യാ സത്യമുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കേസില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 500 (മാനനഷ്ടം) പ്രകാരം രാഹുല്‍ ഗാന്ധിക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയിരുന്നു. ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയില്‍ നിന്ന് കേസ് എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമുള്ള പ്രത്യേക കോടതിയിലേക്ക് കഴിഞ്ഞ മാസം മാറ്റിയിരുന്നു. ജോയിന്റ് സിവില്‍ ജഡ്ജിയും ജുഡീഷ്യല്‍ മജിസ്ട്രേറ്റുമായ അമോല്‍ ഷിന്‍ഡെ അധ്യക്ഷനായ പ്രത്യേക കോടതിയാണ് സമന്‍സ് അയച്ചത്.

Leave A Reply

Your email address will not be published.