Latest Malayalam News - മലയാളം വാർത്തകൾ

സുരേഷ് ​ഗോപിയുടെ വിജയം പ്രത്യേകം പരാമർശിച്ച് പ്രധാനമന്ത്രി; ‘ദക്ഷിണേന്ത്യയിൽ  പുതിയ രാഷ്ട്രീയത്തിന് തുടക്കമിട്ടു’

New Delhi

എൻഡിഎ പാർലമെന്ററി പാർട്ടി യോ​ഗത്തിൽ സുരേഷ് ​ഗോപിയുടെ വിജയം പ്രത്യേകം പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദക്ഷിണ ഭാരതത്തിൽ പുതിയ രാഷ്ട്രീയത്തിന് തുടക്കമിട്ടു എന്നാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിൽ നിരവധി പ്രവർത്തകർ ബലിദാനികൾ ആയി. തലമുറകളായി പാർട്ടി വേട്ടയാടലുകൾ സഹിച്ചു. എന്നിട്ടും പരിശ്രമം തുടർന്നു. ഒടുവിൽ ഒരു അംഗം വിജയിച്ചു എന്നും മോദി പറഞ്ഞു.

എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ഇന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരഞ്ഞെടുത്തത്. മുതിര്‍ന്ന ബിജെപി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്‌നാഥ് സിംഗ് ആണ് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത്. അംഗങ്ങള്‍ ഐകകണ്ഠ്യേന നിര്‍ദേശത്തെ പിന്തുണച്ചു. തുടര്‍ച്ചയായ മൂന്നാം തവണയാണ് നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാവുന്നത്. ഞായറാഴ്ച്ചയാണ് മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ.

എന്‍ഡിഎ മുന്നണിയെക്കുറിച്ചും മോദി വാചാലനായി. ‘ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിജയകകരമായ സഖ്യമാണ് എന്‍ഡിഎ. ഭാരതം എന്ന വികാരത്തിന്റെ പ്രതിബിംബം ആണ്. എന്‍ഡിഎ സഖ്യകക്ഷികള്‍ക്കിടയിലെ ബന്ധം ദൃഢമാണ്. അധികാരത്തിലെത്താന്‍ ചില പാര്‍ട്ടികള്‍ ചേര്‍ന്നുണ്ടായ കൂട്ടായ്മയല്ല എന്‍ഡിഎ. രാജ്യമാണ് പ്രധാനം എന്ന ചിന്തയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന മുന്നണിയാണ്. എന്‍ഡിഎയിലെ പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്തു.’ മോദി പറഞ്ഞു, പ്രതിപക്ഷത്തെ ലക്ഷ്യംവെച്ചായിരുന്നു പരാമര്‍ശം.

 

Leave A Reply

Your email address will not be published.