ബംഗ്ലാദേശിലെ നതോറിൽ പൂജാരിയെ കൊലപ്പെടുത്തിയ ശേഷം ക്ഷേത്രം കൊള്ളയടിച്ചു. നതോർ സദർ ഉപജില്ലയിലെ ബരാഹരീഷ്പൂരിലെ കാശിംപൂർ മഹാശ്മശാന ക്ഷേത്രത്തിലെ പൂജാരിയായ തരുൺ ചന്ദ്ര ദാസ് ആണ് കൊല്ലപ്പെട്ടത്. ഇതിനോടൊപ്പമുള്ള സെൻട്രൽ ശ്മശാനത്തിലും കവർച്ച നടന്നു. ഡിസംബർ 20ന് വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. ശനിയാഴ്ച രാവിലെയാണ് കൈകാലുകൾ ബന്ധിച്ച നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ഇരുപത് വർഷമായി അദ്ദേഹം മഹാശ്മശാന ക്ഷേത്രത്തിലായിരുന്നു താമസിച്ചിരുന്നത്. ക്ഷേത്രത്തിലെ സെബായത് അഥവാ പൂജാരി കൊല്ലപ്പെട്ടതായി മഹാശ്മശാന കമ്മിറ്റി ജനറൽ സെക്രട്ടറി സത്യ നാരായൺ റോയ് സ്ഥിരീകരിച്ചു. ശനിയാഴ്‌ച രാവിലെ ഭക്തർ മഹാശ്മശാന മന്ദിരത്തിലെത്തിയപ്പോഴാണ് കൈകളും കാലുകളും ബന്ധിച്ച നിലയിൽ തരുൺ ചന്ദ്ര ദാസിന്റെ മൃതദേഹം കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. 23 വർഷമായി തരുൺ ക്ഷേത്ര പൂജയുടെ ചുമതല വഹിച്ചിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്രത്തിലെ ഭണ്ടാരപ്പെട്ടിയുടെയും ഓഫീസിന്റെയും പൂട്ട് തകർക്കുകയും ഗ്രില്ലുകൾ മുറിക്കുകയും ചെയ്തതായി സത്യ നാരായൺ റോയ് പറഞ്ഞു.