ജനവാസ മേഖലയിൽ ഇറങ്ങിയ വന്യമൃഗങ്ങള്‍ ആശങ്ക വർധിപ്പിക്കുന്നു. കണ്ണൂരും ധോണിയിലും പുലിയേയും വയനാട്ടില്‍ കടുവയേയും കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. പാലക്കാട് ധോണി മായപുരത്താണ് പുലിയെ കണ്ടെത്തിയത്. ജയശ്രീ എന്ന സ്ത്രീയുടെ വീട്ടിലെ കോഴിയെ പുലി പിടിച്ചിട്ടുണ്ട്. രാവിലെ കോഴിയെ തുറന്നുവിടാന്‍ പോകുമ്പോഴാണ് ഒരു കോഴി കുറവുള്ളതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സമീപത്തെ വീടുകളിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പുലിയെ കണ്ടെത്തുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
കണ്ണൂര്‍ കുടിയാന്മലയിലാണ് പുലിയിറങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ആടുകളെ കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ചേലങ്കേരി വിനോയിയുടെ വീട്ടിലെ ആടുകളെയാണ് കൊന്നത്. ഹോളിക്രോസ് സ്‌കൂളിന് സമീപമാണ് സംഭവം. പുലിയാണോ ആടുകളെ കൊന്നത് എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിവരികയാണ്. അതേസമയം വയനാട്ടിലെ മുടക്കൊല്ലിയില്‍ കടുവ പശുവിനെ ആക്രമിച്ചു കൊന്നു. മുക്തിമല അനൂപിന്റെ പശുവിനെയാണ് ആക്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.