ലൈംഗിക പീഡനക്കേസില്‍ പ്രതിയായ കര്‍ണാടകയിലെ ഹസ്സന് എംപി പ്രജ്വൽ രേവണ്ണ വ്യാഴാഴ്ച ബെംഗളൂരുവിലേക്ക് മടങ്ങുമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ജർമ്മനിയിലെ മ്യൂണിക്കിൽ നിന്ന് ബെംഗളൂരുവിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്, വെള്ളിയാഴ്ച പുലർച്ചെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്താൻ സാധ്യതയുണ്ട്. മെയ് 31 ന് ബെംഗളൂരുവിൽ നടക്കുന്ന എസ്ഐടി അന്വേഷണത്തിൽ പങ്കെടുക്കുമെന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ജെഡിഎസ് എംപി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ ഇറങ്ങിയാലുടൻ സംസ്ഥാന പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്നും കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവ ളത്തിൽ ജാഗ്രത വർദ്ധിപ്പിച്ചിട്ടുണ്ടെന്നും കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞു. തന്റെ വിദേശയാത്ര മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും ഒരു മാസം മുമ്പ് രാജ്യം വിട്ടതിന് ശേഷമാണ് ആരോപണങ്ങളെക്കുറിച്ച് അറിഞ്ഞതെന്നും പ്രതി പുറത്തുവിട്ട വീഡിയോയിൽ പറയുന്നു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തനിക്കെതിരെ അപവാദങ്ങള്‍ പ്രചരിപ്പിച്ചതോടെ താന്‍ വിഷാദാവസ്ഥയിലാവുകയും സ്വയം ഒറ്റപ്പെടുകയും ചെയ്തുവെന്ന് പ്രജ്വല്‍ രേവണ്ണ പറഞ്ഞു. എന്റെ കരിയർ അവസാനിപ്പിക്കാൻ ഒരു രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നു, ഞാൻ അത് നേരിടും,” പ്രജ്വൽ കൂട്ടിച്ചേർത്തു.