കർണാടകയിലെ മൈസൂരുവിൽ സമൂഹ മാധ്യമ പോസ്റ്റിനെ ചൊല്ലി സംഘർഷാവസ്ഥ. ഉദയഗിരി പൊലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ച രാത്രിയോടെ ആയിരുന്നു പ്രശ്നങ്ങൾ ഉടലെടുത്തത്. ഇൻഡ്യ മുന്നണി നേതാക്കളായ രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, അരവിന്ദ് കെജ്‌രിവാൾ എന്നിവരുടെ ചിത്രങ്ങൾ മുസ്‌ലിം വിഭാഗത്തിൻ്റെ സൂചനകളോടെ 3 ഇഡിയറ്റ്സ് എന്ന തലക്കെട്ടിൽ സുരേഷ് എന്നയാൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയായിരുന്നു. ഡൽഹിയിലെ ബിജെപി വിജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സമൂഹമാധ്യമ പോസ്റ്റ്. ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് തിങ്കളാഴ്ച രാത്രി പ്രദേശത്തെ ഒരു വിഭാഗം ഉദയഗിരി പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. കല്ലേറിൽ 10 പൊലീസുകാർക്ക് പരിക്കേൽക്കുകയും പൊലീസ് സ്റ്റേഷൻ്റെ ജനൽ ചില്ലുകൾ തകരുകയും ചെയ്തു. വിവാദ പോസ്റ്റിട്ട സുരേഷിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കനത്ത പൊലീസ് സന്നാഹം പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
![](https://kottarakkaramedia.com/wp-content/uploads/2022/09/small-logo.jpg)