ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിനിടെ ചാവേറാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദാണ് ആക്രമണത്തിന് പദ്ധതിയിടുന്നത്. തെരഞ്ഞെടുപ്പിനിടെ പ്രമുഖ രാഷ്ട്രീയ നേതാക്കളെയും സുരക്ഷാ സേനയെയും ഭീകരർ ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. നിയന്ത്രണരേഖയോട് ചേർന്നുള്ള ലോഞ്ച് പാഡായ സോനാറിൽ വിവിധ സംഘടനകളിൽപ്പെട്ട നാലോ അഞ്ചോ ഭീകരർ അതിർത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റത്തിന് തയ്യാറായി നിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അവർക്ക് ഒരു ഗൈഡും ഉള്ളതായാണ് സൂചന.
ഇതിനിടെ, ബരാമുള്ളയിലെ ആപ്പിൾ തോട്ടത്തിൽ നിന്ന് രണ്ട് വിദേശ ഭീകരരെ പിടികൂടുകയും ചെയ്തിരുന്നു. അതേസമയം 10 വർഷത്തിനിടെ ആദ്യമായാണ് ജമ്മു കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങൾ പൂർത്തിയായി. സെപ്തംബർ 18നും 25നുമാണ് ആദ്യ രണ്ട് ഘട്ടങ്ങൾ നടന്നത്. മൂന്നാമത്തെയും അവസാനത്തെയും ഘട്ട തെരഞ്ഞെടുപ്പ് ഒക്ടോബർ 8നാണ് നടക്കുക. 2019ൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള തെരഞ്ഞെടുപ്പായതിനാൽ ഫലം ബിജെപിയ്ക്ക് ഏറെ നിർണായകമാണ്.