മാർപാപ്പയായി ചുമതലയേറ്റ ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയതും വിദൂരസ്ഥവും വെല്ലുവിളി നിറഞ്ഞതുമായ സന്ദർശനത്തിനു ഫ്രാൻസിസ് മാർപാപ്പ ഇന്നു പുറപ്പെടും. ഇന്തൊനീഷ്യ, പാപുവ ന്യൂഗിനി, കിഴക്കൻ തൈമൂർ, സിംഗപ്പൂർ എന്നീ 4 രാജ്യങ്ങളാണ് മാർപ്പാപ്പ സന്ദർശിക്കുന്നത്. ഇന്നു മുതൽ 13ആം തീയതി വരെയാണ് സന്ദർശനം. മെഡിക്കൽ സംഘവും ഒപ്പമുണ്ടാകും. 2020ൽ നിശ്ചയിച്ചിരുന്ന യാത്ര കോവിഡ് മൂലം മാറ്റിവയ്ക്കുകയായിരുന്നു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1989ൽ ഈ നാലു രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. നാളെ ഇന്തൊനീഷ്യയിലെത്തുന്ന മാർപാപ്പ ഗ്രാൻഡ് ഇമാം നസറുദീൻ ഉമറിനൊപ്പം മധ്യ ജക്കാർത്തയിലെ ഇസ്തിക്‌ലൽ മോസ്കും കത്തോലിക്കാ കത്തീഡ്രലും തമ്മിൽ ബന്ധിപ്പിക്കുന്ന തുരങ്കത്തിലൂടെ സഞ്ചരിക്കും.
പ്രസിഡന്റ് ജോക്കോ വിഡോഡോയുമായി കൂടിക്കാഴ്ച നടത്തുകയും ജക്കാർത്ത സ്റ്റേഡിയത്തിൽ പൊതുകുർബാന അർപ്പിക്കുകയും ചെയ്യും. പിന്നീട് ദക്ഷിണേഷ്യാ സർവമത സമ്മേളനത്തിലും പങ്കെടുക്കും. പാപുവ ന്യൂഗിനിയിൽ ഏറ്റവും ദരിദ്രമായ വനിമോ പട്ടണം മാർപാപ്പ സന്ദർശിക്കുന്നുണ്ട്. 2002ൽ സ്വതന്ത്ര രാജ്യമായ കിഴക്കൻ തൈമൂർ അധിനിവേശ കാലത്തിന്റെ ദുരിതങ്ങളിൽ നിന്ന് ഇന്നും മോചിതരല്ല. 1989ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ സന്ദർശിച്ചപ്പോൾ കുർബാന അർപ്പിച്ച ടാസി ടോളിയിലെ അതേ വേദിയിൽ ഫ്രാൻസിസ് മാർപാപ്പയും കുർബാന അർപ്പിക്കും.