പുഷ്പ 2 തിരക്ക് വിവാദത്തിൽ അകപ്പെട്ടിരിക്കുന്ന അല്ലു അർജുനെതിരെ വീണ്ടും പൊലീസിനെ സമീപിച്ച് കോൺഗ്രസ് നേതാവ്. കോണ്‍ഗ്രസ് നേതാവ് തീന്‍മാര്‍ മല്ലണ്ണയാണ് മെഡിപളളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പുഷ്പ 2 സിനിമയിലെ രംഗത്തിനെതിരെയാണ് തീന്‍മാര്‍ മല്ലണ്ണ പരാതി നൽകിയിരിക്കുന്നത്. സിനിമയിലെ ഒരു ഭാഗം പൊലീസ് സേനയെ അപമാനിക്കുന്നുവെന്നാണ് പരാതി. നടന് പുറമെ ചിത്രത്തിന്‍റെ സംവിധായകന്‍ സുകുമാര്‍, നിര്‍മ്മാതാക്കള്‍ എന്നിവര്‍ക്കെതിരെയുമാണ് പരാതി. അതേസമയം അല്ലു അർജുൻ വിഷയത്തിൽ കോൺഗ്രസ് നേതാക്കളിൽ നിന്ന് ഇനിയും അപകീർത്തി പരാമർശങ്ങൾ വേണ്ടെന്ന് തെലങ്കാന കോൺഗ്രസ് നിർദേശം നൽകി. വിഷയത്തിൽ പാർട്ടിയും സർക്കാരും വിശദീകരണം നൽകിക്കഴിഞ്ഞു. നേതാക്കൾ ഇനി പ്രസ്താവന നടത്തരുതെന്നും അല്ലു അർജുനെക്കുറിച്ചും തെലുഗു സിനിമാ മേഖലയെക്കുറിച്ചും അനാവശ്യ സംസാരം അരുതെന്നും നേതാക്കൾക്ക് നിർദേശമുണ്ട്.