കാസർഗോഡ് പത്തുവയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ പ്രതി പിടിയില്‍. പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ പ്രതി പി.എ. സലീമിനെ ആന്ധ്രപ്രദേശില്‍ നിന്നാണ് പോലീസ് പിടികൂടിയത്. സംഭവം നടന്ന് പത്തുദിവസമാകുമ്പോഴാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്. പ്രതി മൊബൈല്‍ ഫോണ്‍ പോലുള്ള ആശയവിനിമയമാര്‍ഗങ്ങള്‍ ഉപയോഗിക്കാത്തത് അന്വേഷണത്തില്‍ പ്രയാസം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഒരൊറ്റ തവണ പ്രതി വീട്ടിലേക്ക് വിളിക്കുകയും ആ നമ്പര്‍ കണ്ടെത്താന്‍ പോലീസിന് സാധിച്ചതുമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. ഇയാള്‍ക്കായി കേരളത്തിന്റെ അതിര്‍ത്തിപ്രദേശങ്ങള്‍ കൂടാതെ, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും തിരച്ചിലിനായി കാസര്‍കോട് നിന്നുള്ള അന്വേഷണസംഘങ്ങള്‍ തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആന്ധ്രയിലെത്തിയതും പ്രതിയെ പിടികൂടിയതും. വെള്ളിയാഴ്ച രാത്രിയോടുകൂടി പ്രതിയെ കാഞ്ഞങ്ങാട് എത്തിക്കുമെന്ന വിവരമാണ് പോലീസിന്റെ ഉന്നതവൃത്തങ്ങളില്‍നിന്ന് ലഭിക്കുന്നത്.