പത്തനംതിട്ടയിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തിന് നേരെയുണ്ടായ പൊലീസിന്റെ ക്രൂര മർദനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി തുടങ്ങി. യാത്രാ സംഘത്തിലെ ദമ്പതികളെ ഉൾപ്പടെ മർദ്ദിച്ച എസ്ഐയെ സ്ഥലം മാറ്റി. എസ്ഐ എസ് ജിനുവിനാണ് സ്ഥലം മാറ്റം. എസ്പി ഓഫീസിലേക്കാണ് മാറ്റം. തുടർ നടപടി ഡിഐജി ആയിരിക്കും തീരുമാനിക്കുക. വിശദമായ റിപ്പോർട്ട് ജില്ലാ പോലീസ് മേധാവി ഡിഎജിക്ക് നൽകി. എസ്ഐ ജിനു അടക്കമുള്ള പോലീസ് സംഘമാണ് റോഡിൽ നിന്ന സ്ത്രീകൾ ഉൾപ്പടെയുള്ളവരെ ആകാരണമായി മർദിച്ചത്.
അതേസമയം പൊലീസ് അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. മർദനമേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിരുന്നു. വിവാഹറിസപ്ഷൻ കഴിഞ്ഞ് മടങ്ങിയ കോട്ടയം സ്വദേശികൾക്കാണ് ഇന്നലെ രാത്രി പൊലീസിന്റെ മർദനമേറ്റത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം വിശ്രമത്തിനായി വാഹനം നിർത്തിയപ്പോഴാണ് പൊലീസ് ലാത്തി വീശിയത്. ഇരുപത് അംഗ സംഘമായിരുന്നു ട്രാവലറിൽ ഉണ്ടായിരുന്നത്.