ചേര്‍ത്തലയിൽ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്ന ഭര്‍ത്താവ് പള്ളിപ്പുറം ഒറ്റപ്പുന്ന രാജേഷ് പിടിയില്‍. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനാറാംവാര്‍ഡ് വലിയവെളി അമ്പിളി(43)ആയിരുന്നു ശനിയാഴ്ച വൈകുന്നേരം ആറരയോടെ കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം കടന്നു കളഞ്ഞ രാജേഷിനെ അര്‍ധരാത്രിയോടെ കഞ്ഞിക്കുഴിയില ബാറിന് സമീപത്ത് വെച്ച് പോലീസ് പിടികൂടുകയായിരുന്നു.ശനിയാഴ്ച വൈകുന്നേരം ആറരയോടെ പള്ളിച്ചന്തയ്ക്കു തെക്കുവശത്തുവെച്ചായിരുന്നു കൊലപാതകം. കുത്തേറ്റതിനെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ ഉടന്‍ ചേര്‍ത്തലയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും പതിവായി വഴക്കിടാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.തിരുനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റാണ് അമ്പിളി. പള്ളിച്ചന്ത ഭാഗത്ത് കടകളില്‍നിന്നു സ്‌കൂട്ടറില്‍ കളക്ഷന്‍ തുക വാങ്ങാനായി എത്തിയതായിരുന്നു അമ്പിളി. ആ സമയത്ത് ഭര്‍ത്താവ് രാജേഷ് ബൈക്കില്‍ അവിടെയെത്തി അമ്പിളിയെ കുത്തുകയായിരുന്നു. റോഡില്‍ രക്തം വാര്‍ന്നുകിടന്ന അമ്പിളിയെ നാട്ടുകാര്‍ ചേര്‍ന്നാണ് വാഹനത്തില്‍ ചേര്‍ത്തലയിലെ ആശുപത്രിയില്‍ എത്തിച്ചത്. രാജേഷിന്റെയും അമ്പിളിയുടെയും പ്രണയ വിവാഹമായിരുന്നു.