പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് മൗറീഷ്യസിലേക്ക് തിരിച്ചു. നാളെ നടക്കുന്ന മൗറീഷ്യസിന്റെ 57മത് ദേശീയ ദിനാഘോഷങ്ങളിൽ പ്രധാനമന്ത്രി മോദി മുഖ്യാതിഥിയായി പങ്കെടുക്കും. മൗറീഷ്യസ് പ്രധാനമന്ത്രി ഡോ. നവീൻചന്ദ്ര രാംഗൂലത്തിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് സന്ദർശനം നടത്തുന്നത്. മൗറീഷ്യസിലെ 34 മന്ത്രിമാരും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തും. മൗറീഷ്യസ് ഇന്ത്യയുടെ അടുത്ത സമുദ്ര അയൽക്കാരനും, ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു പ്രധാന പങ്കാളിയും, ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കുള്ള ഒരു കവാടവുമാണെന്ന് യാത്രക്ക് മുൻപായി പ്രധാനമന്ത്രി മോദി പ്രതികരിച്ചു.
