പ്രധാനമന്ത്രി നരേന്ദ്രമോദി 45 മണിക്കൂര്‍ നീണ്ട ധ്യാനം അവസാനിപ്പിച്ചു. പൊതുതിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിന് തൊട്ടുമുമ്പാണ് മോദി ധ്യാനത്തിനായി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലെത്തിയത്. ധ്യാനം അവസാനിപ്പിച്ച് പ്രത്യേക ബോട്ടില്‍ കന്യാകുമാരി തീരത്തേക്ക് പുറപ്പെട്ട മോദി പക്ഷേ വീണ്ടും വിവേകാനന്ദപ്പാറയിലേക്ക് മടങ്ങിപ്പോയി. തിരുവള്ളുവരുടെ പ്രതിമയ്ക്ക് മുന്നില്‍ ആദരവര്‍പ്പിക്കാനാണ് മോദി വീണ്ടും വിവേകാനന്ദപ്പാറയിലേക്ക് പോയത്. ഇതിനുശേഷം മോദി കന്യാകുമാരി തീരത്തേക്ക് ബോട്ടില്‍ എത്തി. തുടര്‍ന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം പ്രധാനമന്ത്രി തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്തുനിന്ന് വ്യോമസേനയുടെ പ്രത്യേകവിമാനത്തില്‍ മോദി ഡല്‍ഹിക്ക് മടങ്ങും.
പ്രധാനമന്ത്രിക്ക് സഞ്ചരിക്കാനുള്ള ഹെലികോപ്റ്ററിന്റെ സുരക്ഷാപരിശോധനകള്‍ നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു. ഹെലികോപ്റ്റര്‍ യാത്രയ്ക്ക് എന്തെങ്കിലും തടസമുണ്ടായാല്‍ റോഡ് മാര്‍ഗം തിരുവനന്തപുരത്തേക്ക് പോകാനുള്ള ക്രമീകരണങ്ങളും സജ്ജമാക്കിയിരുന്നു. 4000-ത്തോളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി കന്യാകുമാരിയില്‍ വിന്യസിച്ചിട്ടുള്ളത്. കൂടാതെ എന്‍.എസ്.ജി. ഉള്‍പ്പെടെയുള്ള ദേശീയസുരക്ഷാ ഏജന്‍സികളും കന്യാകുമാരിയിലുണ്ടായിരുന്നു.