KERALA NEWS TODAY-ബെംഗളൂരു: ജെ.ഡി.എസ് കേരള ഘടകത്തെ എല്‍.ഡി.എഫില്‍ തുടരാന്‍ അനുവദിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ മഹാമനസ്‌കതയെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി.
കര്‍ണാടക ഘടകം എന്‍.ഡി.എയില്‍ പോകാന്‍ തീരുമാനിച്ചിട്ടും കേരള ഘടകത്തെ എല്‍ഡിഎഫില്‍ തന്നെ നിലനിര്‍ത്തിയതില്‍ പിണറായിയോട് നന്ദിയുണ്ടെന്നും കുമാരസ്വാമി ബെംഗളൂരുവില്‍ പറഞ്ഞു.
കര്‍ണാടകയിലേയും കേരളത്തിലേയും പ്രശ്‌നങ്ങള്‍ വ്യത്യസ്തമാണ്. ജെ.ഡി.എസ് കേരള ഘടകം സോഷ്യലിസ്റ്റ് ആശയധാര പിന്തുടരുന്നതില്‍ തെറ്റില്ലെന്നും അവര്‍ക്ക് എല്‍.ഡി.എഫില്‍ തുടരാമെന്നും കുമാര സ്വാമി വ്യക്തമാക്കി. അതേസമയം കര്‍ണാടകയിലെ ജെ.ഡി.എസ്-ബി.ജെ.പി സഖ്യത്തിന് പിണറായി വിജയന്‍ അനുമതി നല്‍കിയെന്ന് ദേവഗൗഡ പറഞ്ഞിട്ടില്ലെന്നും കുമാരസ്വാമി പറഞ്ഞു.
കേരളത്തിലും കര്‍ണാടകയിലും വ്യത്യസ്ത സഖ്യം സംബന്ധിച്ച ചോദ്യത്തോട് ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എവിടെയാണ് പാര്‍ട്ടികള്‍ തമ്മില്‍ ആശയപോരാട്ടം നടക്കുന്നതെന്നും കുമാര്‍ സ്വാമി ചോദിച്ചു. മുമ്പ് നരേന്ദ്ര മോദിയെ പുകഴ്ത്തിയ അതേ നിതീഷ് കുമാറല്ലേ ഇപ്പോള്‍ അദ്ദേഹത്തിനെതിരേ പടനയിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. എന്‍ഡിഎ സഖ്യം കര്‍ണാടകയില്‍ മാത്രമാണെന്നും പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ കേരള മുഖ്യമന്ത്രിയോട് സംസാരിക്കേണ്ട കാര്യമില്ലെന്നും കുമാരസ്വാമി പറഞ്ഞു.
കര്‍ണാടകിയിലെ ജെഡിഎസ്-ബിജെപി സഖ്യത്തിന് പിണറായി വിജയന്‍ പിന്തുണ നല്‍കിയെന്ന എച്ച്.ഡി ദേവഗൗഡയുടെ പരാമര്‍ശം കഴിഞ്ഞ ദിവസം വലിയ വിവാദമായിരുന്നു. ഇതിനുപിന്നാലെ അത്തരത്തില്‍ പരാമര്‍ശം നടത്തിയിട്ടില്ലെന്ന വിശദീകരണവുമായി ദേവഗൗഡ രംഗത്തെത്തുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പിണറായിക്ക് കുമാരസ്വാമി നന്ദി പറഞ്ഞത്.