ദർശന സമയം കൂട്ടിയിട്ടും ശബരിമല സന്നിധാനത്തെ തീർത്ഥാടക ദുരിതം തുടരുന്നു. എട്ടുമണിക്കൂറിലധികം കാത്തു നിന്നിട്ടും തീർത്ഥാടകർക്ക് ദർശനം കിട്ടാത്ത സ്ഥിതിയാണ്. ആവശ്യത്തിന് പൊലീസുകാരില്ലാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം. തീർത്ഥാടകർ അധികമായി എത്തുമെന്ന് അറിഞ്ഞിട്ടും ആവശ്യത്തിന് പൊലീസ് സൗകര്യം ഒരുക്കിയിട്ടില്ലെന്ന പരാതിയും ഉയരുന്നുണ്ട്. നേരത്തെ കൂടുതൽ പൊലീസുകാരെ ശബരിമലയിൽ സജ്ജമാക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. സാധരണയിൽ കവിഞ്ഞ തീർത്ഥാടകർ നിലവിൽ ശബരിമലയിൽ എത്തിയിട്ടില്ല. എന്നിട്ടും തീർത്ഥാടകർക്ക് ദർശനം ലഭിക്കാത്ത സാഹചര്യം ഉണ്ടകുന്നതാണ് വിമർശനത്തിന് ഇടയാക്കുന്നത്. ഇന്ന് ദർശന സമയം മൂന്ന് മണിക്കൂർ കൂടി നീട്ടി നൽകിയിരുന്നു. പടിപൂജ, ഉദയാസ്തമയ പൂജ സമയങ്ങളിലെ ദർശന നിയന്ത്രണത്തോട് ഭക്തർ സഹകരിക്കണമെന്നും ദേവസ്വം വകുപ്പ് ആവശ്യപ്പെട്ടു.
മാസപൂജയുടെ സമയങ്ങളിൽ പടിപൂജയ്ക്കും ഉദയാസ്തമന പൂജയ്ക്കുമായി രണ്ടേകാൽ മണിക്കൂറുകളോളം സമയമെടുക്കും. രാവിലെ 7.30 മുതൽ 7.50 വരെയുള്ള ഉഷപൂജക്കും ശേഷം 8.45 വരെ ഉദയാസ്തമന പൂജയ്ക്കുള്ള സമയമാണ്. ഈ സമയത്ത് 14 പ്രാവശ്യം നട അടച്ചു തുറക്കും. അതിനാൽ അയ്യപ്പന്മാർക്ക് സുഗമമായ ദർശനത്തിന് ചെറിയ കാലതാമസമുണ്ടാകും. വൈകിട്ട് നാല് മണിക്ക് നട തുറന്നാൽ ആറുമണിക്ക് പതിനെട്ടാംപടി പടിപൂജയ്ക്കായി അടയ്ക്കും. 8 മണിയോടുകൂടി മാത്രമേ പിന്നീട് പടി കയറാൻ കഴിയൂ.