KERALA NEWS TODAY-തിരുവനന്തപുരം : പേട്ടയിലെ സംഘര്‍ഷത്തില്‍ പോലീസിനെതിരെ ഗുരുതര ആരോപണവുമായി ഡി.വൈ.എഫ്.ഐ. ചതുപ്പില്‍ മണ്ണടിക്കുന്നത് തടയാനാണ് പോലീസിനെ വിളിച്ചു വരുത്തിയതെന്ന് ഡി.വൈ.എഫ്.ഐ ഏരിയാ സെക്രട്ടറി നിധീഷ് പറഞ്ഞു.
വിഷയം മാറ്റാനാണ് പോലീസ് ഹെല്‍മറ്റ് പ്രശ്‌നമാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
ഒരുവാതില്‍കോട്ടയില്‍ കായലിനോട് ചേര്‍ന്ന ചതുപ്പുനിലം മണ്ണിട്ട് നികത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ നേരത്തെ ഡി.വൈ.എഫ്.ഐ. ഇടപെട്ടിരുന്നു. നികത്തല്‍ തുടരുന്നതിനിടെയാണ് പോലീസ് താന്‍ ഹെല്‍മറ്റ് ധരിക്കാത്തത് ചൂണ്ടിക്കാട്ടി പിഴയിടുന്നതെന്ന് നിധീഷ് പറഞ്ഞു.
പിഴയടക്കാൻ തയ്യാറായിരുന്നു.
എന്നാൽ മണ്ണുമാഫിയക്കെതിരെ നടപടിയെടുക്കാത്തത് ചോദ്യം ചെയ്തതോടെയാണ് പോലീസിന്റെ സ്വഭാവം മാറുന്നത്.
മണ്ണ് ലോറികള്‍ പോകുന്നുണ്ടായിരുന്നു.
അത് പിന്തുടര്‍ന്നു വന്നപ്പോഴാണ് മണ്ണടിക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നത്.
തുടര്‍ന്നാണ് വിവരം പോലീസില്‍ അറിയിക്കുന്നത്. ലോറികൾ പ്രദേശത്തേക്ക് വരുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും തന്റെ വാദങ്ങളെ സാധൂകരിക്കുന്ന ശബ്ദരേഖകളും നിധീഷ് പങ്കുവച്ചു.
പേട്ട പോലീസ് മണ്ണടിക്കുന്ന പ്രദേശത്ത് എത്തിയിട്ട് നടപടിയില്ലെന്ന് സിഐയോട് പറയുന്നതിന്റെ ശബ്ദരേഖകളാണ് അദ്ദേഹത്തിന്റെ പക്കലുള്ളത്.
പ്രദേശത്ത് ചതുപ്പ് നികത്തുന്നത് പോലീസ് ഒത്താശയോടെയാണെന്ന് അദ്ദേഹം ആരോപിച്ചു. പേട്ട പോലീസ് മണ്ണ് മാഫിയയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നു. സി.ഐക്ക് പരാതി നല്‍കാന്‍ ചെന്നപ്പോള്‍ പോലീസ് മര്‍ദിച്ചു. വിഷയം നിഷ്പക്ഷ ഏജന്‍സി അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പേട്ട പോലീസ് സ്റ്റേഷനിൽ വച്ചുണ്ടായ സി.പി.എം-പോലീസ് സംഘർഷത്തിന് പിന്നാലെ സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരുടെ ഉത്തരവ് ശനിയാഴ്ച സിറ്റി പോലീസ് കമ്മീഷണർ റദ്ദാക്കിയിരുന്നു.