ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയായി ജനസേന പാർട്ടി അധ്യക്ഷൻ പവൻ കല്യാൺ ചുമതലയേൽക്കുമെന്ന് റിപ്പോർട്ട്. ഉപമുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കാൻ പവൻ താത്പര്യം പ്രകടിപ്പിച്ചുവെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. തന്റെ മന്ത്രിസഭയിൽ പ്രധാനപ്പെട്ട സ്ഥാനം തന്നെ പവൻ കല്യാണ് നൽകുമെന്ന് ചന്ദ്രബാബു നായിഡു നേരത്തെ ഉറപ്പ് നൽകിയിരുന്നു.
ആന്ധ്രയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയമാണ് എൻ.ഡി.എ സഖ്യം സ്വന്തമാക്കിയത്. 135 സീറ്റുകളിൽ ടി.ഡി.പിയും 21 സീറ്റുകളിൽ ജനേസേന പാർട്ടിയും വിജയിച്ചു. എട്ട് സീറ്റുകൾ ബി.ജെ.പിയും സ്വന്തമാക്കിയതോടെ 175 അംഗ നിയമസഭയിലെ 164 സീറ്റുകളും എൻ.ഡി.എ നേടി.
ബുധനാഴ്ചയാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്യുന്നത്. വിജയവാഡ ഗണ്ണവരം വിമാനത്താവളത്തിനടുത്തുള്ള കേസരപള്ളി ഐ.ടി.പാർക്കിലായിരിക്കും ചടങ്ങ്. മൂന്നാംതവണയാണ് നായിഡു ആന്ധ്രയുടെ മുഖ്യമന്ത്രിയാകുന്നത്. 1995-ലാണ് നായിഡു ആദ്യമായി മുഖ്യമന്ത്രിയാകുന്നത്. 2004 വരെ സ്ഥാനത്ത് തുടർന്നു. 2014-ലും അദ്ദേഹം മുഖ്യമന്ത്രിയായി.