KERALA NEWS TODAY-കൊല്ലം : വന്ദേഭാരത് മൂലം ട്രെയിനുകൾ വൈകുന്നില്ലെന്ന റെയിൽവേയുടെ വാദം പൊള്ളയാണെന്ന് യാത്രക്കാർ.
വന്ദേഭാരത് ഓടിത്തുടങ്ങിയതുമുതൽ ട്രെയിനുകൾ വൈകുന്നത് പതിവാണെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ ഓൺ റെയിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് വന്ദേഭാരത് എക്സ്പ്രസ് സർവീസ് ആരംഭിച്ചതുകാരണം ട്രെയിനുകൾ വൈകുന്നുവെന്ന മാധ്യമവാർത്തകൾ തള്ളി റെയിൽവേ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
എന്നാൽ ട്രെയിനുകളുടെ അവസാന സ്റ്റേഷനുകളിലെത്തുന്ന ബഫർ സോൺ കൂട്ടിയാണ് ട്രെയിനുകൾ വൈകുന്നില്ലെന്ന് റെയിൽവേ സമർഥിക്കുന്നതെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
ഇടയ്ക്കുള്ള സ്റ്റേഷനുകളിൽ ട്രെയിനുകൾ നല്ല രീതിയിൽ വൈകാറുണ്ടെന്നും യാത്രക്കാർ പറയുന്നു.
വന്ദേഭാരതിന് വേണ്ടി രാജധാനി, ജനശതാബ്ദി ഉൾപ്പടെയുള്ള ട്രെയിനുകൾ വൈകുന്നുവെന്ന വാർത്തകൾ തെറ്റാണെന്ന് റെയിൽവേ പുറത്തിറക്കിയ പത്രകുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ട്രെയിൻ നമ്പർ 20633/20634 തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരത് സർവീസ് ആരംഭിച്ചിട്ടും തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസിന്‍റെ യത്രാസമയം കുറയുകയാണ് ചെയ്തതെന്നും റെയിൽവേ വിശദീകരിക്കുന്നു. നേരത്തെ 5.15ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടിരുന്ന വേണാട്, വന്ദേഭാരത് വന്നതോടെ 10 മിനിട്ട് വൈകി 5.25നാണ് പുറപ്പെടുന്നത്. എന്നാൽ ഷൊർണൂരിൽ എത്തുന്ന സമയത്തിൽ മാറ്റമില്ലെന്നും റെയിൽവേ ചൂണ്ടിക്കാട്ടുന്നു. റെയിൽവേയുടെ ഈ വാദം തെറ്റാണെന്ന് യാത്രക്കാർ പറയുന്നു. 15 മിനിറ്റ് കൊണ്ട് ഓടി എത്തുന്ന വടക്കാഞ്ചേരി – ഷൊർണൂർ ദൂരത്തിന് 50 മിനിറ്റ് ആണ് ബഫർ സമയം കൊടുത്തിരിക്കുന്നത്. പിന്നെ എങ്ങനെ അവസാന സ്റ്റേഷനിൽ ട്രെയിൻ വൈകുമെന്നും യാത്രക്കാർ ചോദിക്കുന്നു. എന്നാൽ കൊല്ലം മുതൽ എറണാകുളം വരെയുള്ള സ്റ്റേഷനുകളിൽ ഈ ട്രെയിൻ പതിവായി വൈകുന്നതിനെക്കുറിച്ച് റെയിൽവേയ്ക്ക് ഒന്നും പറയാനില്ലെന്നും യാത്രക്കാർ പറയുന്നു.