പാലക്കാട് വീണ്ടും വൻ ലഹരിമരുന്ന് വേട്ട. തൃശൂർ പൂരത്തിന് വിൽപ്പന നടത്താൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന ഒരു കിലോയിൽ അധികം വരുന്ന എംഡിഎംഎ എക്സൈസ് സംഘം വാളയാറിൽ നിന്ന് പിടികൂടി. പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വച്ച് 900 ഗ്രാം എംഡിഎംഎയുമായി ഇരിഞ്ഞാലക്കുട സ്വദേശി ദീക്ഷിത് ആണ് പിടിയിലായത്. പരിശോധനകൾ ഒരു ഭാഗത്ത് ശക്തമാകുമ്പോഴും സംസ്ഥാനത്തേക്ക് ലഹരി മരുന്ന് ഒഴുകുകയാണ് . ബാംഗ്ലൂരിൽ നിന്ന് ടൂറിസ്റ്റ് ബസിൽ കോയമ്പത്തൂരിൽ വന്നിറങ്ങി കെഎസ്ആർടിസി ബസിൽ തൃശൂരിലേക്ക് പോകവേയാണ് ദീക്ഷിതിനെ എക്സൈസ് സംഘം പരിശോധിക്കുന്നത്. ബാഗിൽ എന്താണെന്ന ചോദ്യത്തിന് അരിയാണെന്നാണ് നൽകിയ മറുപടി. പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന ഒരു കിലോ 40 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. ബാംഗ്ലൂരിൽ നിന്ന് രണ്ട് ലക്ഷം രൂപയ്ക്കാണ് ഇത് വാങ്ങിച്ചതെന്ന് ഇയാൾ മൊഴി നൽകി.
