വയനാട് മുണ്ടക്കൈ ദുരന്തത്തെ തുടർന്ന് ചാലിയാർ തീരത്തെ ദുർഘട മേഖലയായ സൺറൈസ് വാലിയിലെ തിരച്ചിൽ ഇന്നും തുടരും. കൽപ്പറ്റ എസ്കെഎംജി എച്ച്എസ്എസ് മൈതാനത്ത് നിന്ന് ആദ്യത്തെ ആറംഗ സംഘവുമായി സൺറൈസ് വാലിയിലേക്ക് ഹെലികോപ്റ്റർ പുറപ്പെട്ടു. സംഘത്തോടൊപ്പം തിരച്ചിലിന് കെഡാവർ ഡോഗുമുണ്ട്. സൺറൈസ് വാലിയിൽ ആർമി ഡോഗ് മോനിയാണ് ദൗത്യത്തിന്റെ ഭാഗമാകുന്നത്. 12 അംഗ സംഘമാണ് ഇന്ന് തിരച്ചിൽ നടത്തുക. നാല് എസ്ഒജി കമാൻഡർ, ആർമിയുടെ ആറുപേരും, രണ്ട് ഫോറസ്റ്റ് ഓഫീസർമാരുമാണ് സംഘത്തിലുണ്ടാവുക. ആദ്യ സംഘത്തിൽ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആർമി ഉദ്യോഗസ്ഥരുമാണ് പോയിരിക്കുന്നത്. എസ്ഒജി ഉദ്യോഗസ്ഥരാണ് ഇനി പോകാനുള്ളത്.
ഇന്ന് സൺറൈസ് വാലിയിലെ കൂടുതൽ മേഖലകളിൽ തിരച്ചിൽ നടത്താനാണ് തീരുമാനം. ഇന്നലെ മൂന്ന് കിലോമീറ്റർ ആണ് തിരച്ചിൽ നടത്തിയത്. എന്നാൽ തിരച്ചിലിൽ ഒന്നും കണ്ടെത്താനായില്ല. സൺറൈസ് വാലിയിൽ ദുർഗന്ധം വമിക്കുന്നതായി തിരച്ചിലിന് പോയ സംഘം പറഞ്ഞു. ഇന്നലെ തിരച്ചിലിനുപോയ ആർമി സംഘമല്ല ഇന്ന്. സംഘം മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അവിടത്തെ സാഹചര്യങ്ങളെ കുറിച്ചും എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്ന് നിർദേശങ്ങൾ നൽകിയിട്ടുണ്ട്.