ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകൾ നടക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ പാരിസിൽ അട്ടിമറി നീക്കം. ഫ്രാൻസിൽ അതിവേഗ റെയിൽ ശൃംഖലയ്ക്ക് നേരെ ആക്രമണം. ആക്രമണത്തിന് പിന്നാലെ നിരവധി ട്രെയിനുകൾ റദ്ദാക്കി. പല ട്രെയിനുകളും വഴിതിരിച്ച് വിടുന്നു. ആക്രമണം കൂടുതൽ ബാധിച്ചത് വടക്ക് കിഴക്കൻ റെയിൽ സർവീസുകളെയാണ്. ആക്രമണത്തെ അപലപിച്ച് ഫ്രഞ്ച് ഗതാഗതമന്ത്രി രംഗത്തെത്തി. യാത്രകൾ മാറ്റിവെക്കാൻ നിർദേശം നൽകിയിട്ടുണ്ട്. 7,500 അത്‌ലറ്റുകളും 300,000 കാണികളും വിഐപികളും പങ്കെടുക്കുന്ന പാരീസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിന് ഒരുക്കം പുരോഗമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സംഭവത്തെ വളരെ ഗൗരവത്തോടെയാണ് ഫ്രഞ്ച് സര്‍ക്കാര്‍ വീക്ഷിക്കുന്നത്. ട്രെയിൻ നെറ്റ്‌വർക്കിനെ തളർത്തുന്നതിനുള്ള ആക്രമണമാണെന്നും എസ്എൻസിഎഫ് പറഞ്ഞു. അക്രമണത്തിന് പിന്നാലെ നിരവധി റൂട്ടുകൾ റദ്ദാക്കേണ്ടി വരുമെന്നും അറ്റകുറ്റപ്പണികൾക്ക് സമയമെടുക്കുമെന്നും എസ്എൻസിഎഫ് കൂട്ടിച്ചേർത്തു.