ബ്രസീലില്‍ സുപ്രീംകോടതി പരിസരത്തുണ്ടായ സ്‌ഫോടനത്തിൽ ഒരാള്‍ കൊല്ലപ്പെട്ടു. ചാവേര്‍ ആക്രമണമാണ് സംഭവിച്ചതെന്നാണ് സൂചന. സംഭവത്തിന് പിന്നാലെ സുപ്രീംകോടതി ഒഴിപ്പിച്ചിട്ടുണ്ട്. സുപ്രീം കോടതി, പാര്‍ലമെന്റ് പ്രസിഡന്‍ഷ്യല്‍ പാലസ് എന്നിവ നിലനില്‍ക്കുന്ന രാജ്യ തലസ്ഥാനത്താണ് സ്‌ഫോടനമുണ്ടായത്. കോടതിയിലേക്ക് ഒരു യുവാവ് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചിരുന്നുവെന്നും ഇയാളെ പൊലീസ് തടഞ്ഞ് നിമിഷങ്ങള്‍ക്കകമാണ് സ്‌ഫോടനമുണ്ടായതെന്നുമാണ് റിപ്പോര്‍ട്ട്. കെട്ടിടത്തിന് പുറത്ത് നിന്നും മൃതദേഹം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തെ അപലപിക്കുന്നുവെന്നും വിശദമായ അന്വേഷണം നടത്തണമെന്നും സോളിസിറ്റര്‍ ജനറല്‍ ജോര്‍ജ് മെസിയസ് പറഞ്ഞു. ആക്രമണത്തിന്റെ കാരണം കണ്ടെത്തേണ്ടതുണ്ടെന്നും രാജ്യത്തെ ക്രമസമാധാനം നിലനിര്‍ത്താന്‍ ഇത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍കരുതല്‍ നടപടിയെന്ന് കണക്കാക്കിയാണ് സുപ്രീം കോടതിയില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചതെന്ന് അധികൃതര്‍ അറിയിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം സംഭവം ആത്മഹത്യയായാണ് കണക്കാക്കുന്നതെന്നും ഒരാള്‍ മാത്രമാണ് സംഭവത്തില്‍ കൊല്ലപ്പെട്ടതെന്നും ബ്രസീലിയ ഡെപ്യൂട്ടി ഗവര്‍ണര്‍ സെലീന ലിയ പറഞ്ഞു. സ്‌ഫോടനം നടക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പായിരുന്നു പ്രസിഡന്റ് ലുല ഡി സില്‍ല പ്രദേശത്തു നിന്നും മടങ്ങിയത്. ചൈനീസ് പ്രസിഡന്‌റ് ഷി ജിന്‍പിങ് ബ്രസീലില്‍ സന്ദര്‍ശനം നടത്താന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് സംഭവം.