Kerala News Today-കൊല്ലം: കോട്ടയത്തിന് പിന്നാലെ കൊല്ലത്തും കാട്ടുപോത്തിന്റെ ആക്രമണം. കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ പ്രവാസിയായ ആയൂർ പെരിങ്ങള്ളൂർ കൊടിഞ്ഞൽ കുന്നുവിള വീട്ടിൽ സാമുവൽ വർഗീസ്(62) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സാമുവൽ ദുബായിൽനിന്നു നാട്ടിലെത്തിയത്. ഇന്നു രാവിലെ വീടിനോടു ചേർന്ന റബർ തോട്ടത്തിൽ നിൽക്കുമ്പോൾ വർഗീസിനെ കാട്ടുപോത്ത് പിന്നിൽനിന്ന് ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ സാമുവലിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാട്ടുപോത്തിനെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. വനമേഖലയല്ലാത്ത ആ പ്രദേശത്ത് കാട്ടുപോത്ത് വന്നത് എങ്ങനെയെന്ന് ഒരറിവും ഇല്ല. ഇതോടെ കാട്ടുപോത്തിന്റെ ആക്രമണത്തിൽ സംസ്ഥാനത്ത് ഇന്ന് മൂന്ന് പേരാണ് മരണപ്പെട്ടത്. എരുമേലിയിലാണ് ഇന്ന് രാവിലെ രണ്ടു പേർ മരിച്ചത്. കണമല സ്വദേശി പുറത്തേൽ ചാക്കോ, പുന്നത്തറയിൽ തോമസിന് എന്നിവരാണ് മരിച്ചത്.
Kerala News Today