സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി എച്ച്1എൻ1 സ്ഥിരീകരിച്ചു. മലപ്പുറം വഴിക്കടവ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ഇന്ന് പഞ്ചായത്ത് ഹാളില്‍ യോഗം ചേരും.
അതേസമയം സംസ്ഥാനത്ത് പകർച്ചപ്പനി രൂക്ഷമായി തുടരുകയാണ്. പത്ത് ദിവസത്തിനിടെ പനിബാധിതരുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലെത്തി. ഈ മാസം ഇതുവരെ 1.36 ലക്ഷം പേരാണ് പകർച്ചപ്പനി ബാധിതരായത്. ഇന്നലെ മാത്രം 13,600 പേർ ചികിത്സ തേടി. 164 പേർക്ക് ഡെങ്കിയും 24 പേർക്ക് മഞ്ഞപ്പിത്തവും 45 എച്ച്1എൻ1 കേസുകളും സ്ഥിരീകരിച്ച ഇന്നലെ രണ്ടുമരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വയറിളക്കരോഗം ബാധിച്ച് പാലക്കാട് 57കാരനും എച്ച്1എൻ1 ബാധിച്ച് തൃശൂരില്‍ 80 കാരനുമാണ് മരിച്ചത്.
തലസ്ഥാനത്ത് കോളറ കണ്ടെത്തിയതോടെ വയറിളക്ക രോഗങ്ങളുമായെത്തുന്നവരെ ആശുപത്രികളില്‍ പ്രത്യേകം നിരീക്ഷിക്കുകയാണ്. 3495 പേരാണ് ഇന്നലെ വയറിളക്കരോഗങ്ങള്‍ക്ക് ചികിത്സ തേടിയത്. കൂടാതെ സംസ്ഥാനത്ത് നിലവിൽ 82 പേർക്ക് ചിക്കൻപോക്‌സും ഏഴുപേർക്ക് ചെള്ളുപനിയും സ്ഥിരീകരിച്ചിട്ടുണ്ട്.