Kerala News Today-പത്തനംതിട്ട: പൊന്നമ്പലമേട്ടിലെ പൂജയ്ക്ക് ഇടനിലക്കാരനായ കുമളി സ്വദേശി കണ്ണന്‍ അറസ്റ്റില്‍. പൂജ നടത്തിയ നാരായണനെ വഴികാട്ടികള്‍ക്ക് പരിചയപ്പെടുത്തിയത് കണ്ണനെന്ന് പോലീസ് പറഞ്ഞു. തൃശ്ശൂർ തെക്കേക്കാട്ട് മഠം നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഒൻപതംഗം സംഘമാണ് ഇവിടെ കടന്നുകയറി പൂജ നടത്തിയത്. സംഭവം വിവാദമായതോടെ പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. വനം വികസന കോർപ്പറേഷൻ ജീവനക്കാരായ രാജേന്ദ്രന്‍, സാബു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ പോലീസും വനം വകുപ്പും കേസെടുത്തതോടെ നാരായണൻ ഒളിവിലാണ്. ഇയാളടക്കമുള്ള പ്രതികളെ കണ്ടെത്താനായി വനം വകുപ്പ് അന്വേഷണ സംഘം തമിഴ്നാട്ടില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. പോലീസിന്‍റെ സഹായത്തോടെ പ്രതികളുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷനും വനം വകുപ്പ് ശേഖരിച്ചിട്ടുണ്ട്.
അതേസമയം, സംഭവം നടന്ന ദിവസം പ്രതികൾ കാടിനുള്ളിലൂടെയാണ് പൊന്നമ്പലമേട്ടിലേക്കെത്തിയതെന്ന് അറസ്റ്റിലായ രാജേന്ദ്രനും സാബുവും മൊഴി നൽകി. കെഎഫ്ഡിസി ജീവനക്കാരയ ഇവർക്ക് നാരയണനെ പരിചയപ്പെടുത്തിയത് കുമളി സ്വദേശി കണ്ണന് എന്ന് വിളിക്കുന്ന ചന്ദ്രശേഖരനാണ്. സാമ്പത്തിക ഇടപാടുകൾക്കടക്കം ഇടനില നിന്നതും ചന്ദ്രശേഖരന്‍ തന്നെയാണ്. ഒളിവിലായിരുന്ന ചന്ദ്രശേഖരനെ ഇടുക്കിയില്‍ നിന്നാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
Kerala News Today