KERALA NEWS TODAY-മലപ്പുറം : പഴയ വസ്ത്രങ്ങള്‍ പുത്തന്‍ ഉത്പന്നങ്ങളാക്കി മാറ്റുന്ന യൂണിറ്റുകള്‍ മലപ്പുറം ജില്ലയില്‍ ആരംഭിക്കുന്നു.
ഹരിത കര്‍മസേന ശേഖരിക്കുന്ന പഴയ വസ്ത്രങ്ങള്‍കൊണ്ട് തുണിസഞ്ചി, കിടക്ക, ചവിട്ടി, പാവ, മറ്റു കരകൗശലവസ്തുക്കള്‍ എന്നിവയാണു നിര്‍മിക്കുക.
കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ ഇത്തരം യൂണിറ്റുകള്‍ ആരംഭിക്കാന്‍ ജില്ലാപഞ്ചായത്ത് പദ്ധതി തയ്യാറാക്കി.
തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് ‘ടെക്‌സ്റ്റൈല്‍ റീസൈക്ലിങ് ഹബ്ബ്’ എന്ന പേരില്‍ പദ്ധതി ഈവര്‍ഷം തന്നെ നടപ്പാക്കാനാണ് കുടുംബശ്രീ ജില്ലാ മിഷന്‍ ലക്ഷ്യമിടുന്നത്.
നിലവില്‍ ഹരിത കര്‍മസേനാംഗങ്ങള്‍ ശേഖരിക്കുന്ന വസ്ത്രങ്ങള്‍ സ്വകാര്യ ഏജന്‍സികള്‍ വഴി ബെംഗളൂരുവിലേക്ക് കയറ്റി അയക്കുകയാണ്.
ഇത് ഫൈബറാക്കി വിലകുറഞ്ഞ വസ്ത്രങ്ങളും നൂലുകളുമാക്കി മാറ്റും.
റീസൈക്ലിങ് ഹബില്‍ പഴയ വസ്ത്രങ്ങള്‍ ഉപയോഗിച്ച് പുനരുപയോഗവസ്തുക്കള്‍ നിര്‍മിക്കുന്നതിനുള്ള പരിശീലനം ഒക്ടോബറില്‍ ആരംഭിക്കും. 30 പേര്‍ക്കുവീതം എട്ടു കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കും. ഒരു ബ്ലോക്കില്‍ ഒരു ഹബ്ബെങ്കിലുമുണ്ടാകും. ജില്ലാപഞ്ചായത്ത് നിര്‍ദേശപ്രകാരം കാളികാവ്, മങ്കട, പൊന്നാനി, പെരുമ്പടപ്പ്, അരീക്കോട് തുടങ്ങിയ ബ്ലോക്കുകള്‍ രണ്ടരലക്ഷം രൂപയോളം പദ്ധതിവിഹിതമായി നീക്കിവെച്ചിട്ടുണ്ട്.മറ്റു ബ്ലോക്കുകള്‍കൂടി തുക വകയിരുത്തുന്നതോടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കൂടുതല്‍ അപേക്ഷകരുള്ള മേഖലയില്‍ പരിശീലനകേന്ദ്രങ്ങള്‍ ആരംഭിക്കും. മലപ്പുറം, പെരുമ്പടപ്പ്, മാറഞ്ചേരി, ആനക്കയം തുടങ്ങിയ പ്രദേശങ്ങള്‍ നിലവില്‍ പട്ടികയിലുണ്ട്.
പഴയ തുണി റീസൈക്കിള്‍ ചെയ്ത് ഒരു തുണിസഞ്ചി നിര്‍മിച്ചാല്‍ യൂണിറ്റിന് 15 രൂപ ലഭിക്കും. കടകളിലേക്ക് അഞ്ചുരൂപയ്ക്കാണ് സഞ്ചി നല്‍കുക. പത്തുരൂപ പഞ്ചായത്തുകളുടെ സബ്‌സിഡിയാണ്. കേടുവന്ന കിടക്കകളുടെ പുനര്‍നിര്‍മാണവും പുതിയ കേന്ദ്രങ്ങള്‍ക്കു കീഴില്‍ നടക്കും. യന്ത്രസഹായത്തോടെ പഞ്ഞി ശരിയാക്കിയശേഷം തുണിത്തരങ്ങളുപയോഗിച്ച് പുതിയ രൂപത്തിലാക്കി നല്‍കുകയാണു ചെയ്യുക. ഉത്പന്നങ്ങളുടെ നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ക്ക് വില നല്‍കേണ്ടതില്ല.