Latest Malayalam News - മലയാളം വാർത്തകൾ

മൂവാറ്റുപുഴയിൽ ആൾക്കൂട്ടം പിടികൂടി കെട്ടിയിട്ട ഇതരസംസ്ഥാന തൊഴിലാളി മരിച്ചു; പത്തുപേർ അറസ്റ്റിൽ

KERALA NEWS TODAY KOTTAYAM:മൂവാറ്റുപുഴ വാളകത്ത് ആൾക്കൂട്ടം പിടികൂടി കെട്ടിയിട്ട ഇതരസംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസ് (24) ആണ് മരിച്ചത്. തലയ്ക്കും നെഞ്ചിനുമേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മരിച്ച അശോക് ദാസിനെ ആൾക്കൂട്ടം സംഘം ചേർന്ന മർദിച്ചുവെന്നാണ് കേസ്.വ്യാഴാഴ്ച രാത്രിയാണ് സംഭവം. വാളകം കവലയ്ക്ക് സമീപം രണ്ട് സ്ത്രീകൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തെത്തിയ അശോക് ദാസിനെ നാട്ടുകാർ ചോദ്യം ചെയ്തു. ഇതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിടികൂടി നാട്ടുകാർ റോഡരികിൽ കെട്ടിയിട്ടു. പിടികൂടുമ്പോൾ ഇയാളുടെ കൈകളിൽ മുറിവുണ്ടായി ചോര ഒഴുകുന്നുണ്ടായിരുന്നു.വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസാണ് ആശുപത്രിയിൽ കൊണ്ടുപോയത്. ഡോക്ടർമാരുടെ നിർദേശത്തെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാനൊരുങ്ങുന്നതിനിടെ വെള്ളിയാഴ്ച പുലർച്ചയോടെ മരിച്ചു.ആറ് പേരെ ഉടൻ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മരണം സ്ഥിരീകരിച്ചതോടെ മറ്റ് നാല് പേരെക്കൂടി പൊലീസ് പിടികൂടുകയായിരുന്നു.വാടകയ്ക്ക് താമസിക്കുന്ന സ്ത്രീകളിലൊരാളും മരിച്ച അശോക് ദാസും സുഹൃത്തുക്കളാണെന്നാണ് വിവരം. വാടക വീട്ടിലെത്തിയ ഇയാൾ മദ്യപിച്ചതായും കൈകളിൽ ചോരയുമായി റോഡിലെത്തിയപ്പോഴാണ് ചോദ്യം ചെയ്തതെന്നും പറയുന്നു. രാമമംഗലം സ്വദേശിനികളാണ് വീട് വാടകക്കെടുത്തിരിക്കുന്നതെന്നും കൊല്ലപ്പെട്ട അശോക് ദാസിനെതിരെ ഇവർ പരാതി നൽകിയിട്ടില്ലെന്നും പൊലീസ് പറയുന്നു.

Leave A Reply

Your email address will not be published.