KERALA NEWS TODAY-ഹെവിവെഹിക്കിള്‍ വാഹനങ്ങളില്‍ മുന്‍നിരയില്‍ സീറ്റ് ബെല്‍റ്റും ക്യാമറയുമില്ലെങ്കില്‍ ഇനി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കിട്ടില്ല.
ആറുദിവസത്തിനിടെ വിവിധ ജില്ലകളിലായി നാനൂറിലധികം ബസുകളാണ് പരിശോധനയ്‌ക്കെത്തിയത്.
ഇതില്‍ 250-ഓളം ബസുകളാണ് ക്യാമറയും സീറ്റ് ബെല്‍റ്റുമില്ലാത്തതിനാല്‍ ഫിറ്റ്നസ് നല്‍കാതെ തിരിച്ചയച്ചത്.
നവംബര്‍ ഒന്നുമുതലാണ് ഇവ നിര്‍ബന്ധമാക്കിയത്. സംസ്ഥാനത്ത് 7000-ത്തോളം സ്വകാര്യബസുകളാണുള്ളത്.
ഇതില്‍ 1260 ബസുകളിലാണ് ഇതുവരെ ക്യാമറ വെച്ചിട്ടുള്ളത്. റോഡിലെ ദൃശ്യങ്ങളും ബസിനകത്തെ ദൃശ്യങ്ങളും വ്യക്തമാകുന്ന രണ്ട് ക്യാമറകളാണ് സ്ഥാപിക്കേണ്ടത്.
ക്യാമറ സ്ഥാപിക്കുന്നതിനുള്ള പ്രധാന തടസ്സം സാമ്പത്തികപ്രയാസമാണെന്ന് സ്വകാര്യബസ് ഉടമകള്‍ പറയുന്നു. 15,000 രൂപയോളം ചെലവാകും. സര്‍ക്കാര്‍ 5000 രൂപ സബ്സിഡി നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും തുടര്‍നടപടിയുണ്ടായിട്ടില്ല.
ഇതിനുപുറമെ സിം ചാര്‍ജ് ചെയ്യാനും മറ്റും മാസംതോറും ചെലവുണ്ട്. ക്യാമറ കിട്ടാനില്ലാത്തതാണ് മറ്റൊരുപ്രശ്‌നം. കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ ഇത് നടപ്പായിട്ടില്ല.
ക്യാമറയുടെയും സീറ്റ് ബെല്‍റ്റിന്റെയും പേരിലല്ല അനിശ്ചിതകാല ബസ് സമരം. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യം. നേരത്തേ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി അഞ്ചുരൂപയാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഒന്നരവര്‍ഷം മുന്‍പ് നിയമിച്ച ഡോ. രവി രാമന്‍ അധ്യക്ഷനായ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചോ എന്നതിനുപോലും അധികൃതര്‍ മറുപടിനല്‍കുന്നില്ല. അതിദരിദ്രകുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗജന്യമാക്കുന്നതിന് ഉടമകള്‍ എതിരല്ല.
ലോറന്‍സ് ബാബു, സംസ്ഥാന ജനറല്‍ സെക്രട്ടറി, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍