ത്രിപുരയിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി അനായാസ ജയത്തിലേക്ക്. ഗ്രാമ പഞ്ചായത്ത്, പഞ്ചായത്ത് സമിതി, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 70 ശതമാനം സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്ത് 606 ഗ്രാമ പഞ്ചായത്തുകളിലായി 6370 സീറ്റുകളിലും, 35 പഞ്ചായത്ത് സമിതികളിലായി 423 സീറ്റുകളിലും എട്ട് ജില്ലാ പഞ്ചായത്തുകളിലായി 116 സീറ്റുകളിലുമാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ആകെ 1294153 വോട്ടർമാരാണ് ഉള്ളത്. ഇവരിൽ 6.35 ലക്ഷം പേർ സ്ത്രീകളാണ്. ഗ്രാമ പഞ്ചായത്തുകളിലേക്ക് 4550 സീറ്റുകളിലും പഞ്ചായത്ത് സമിതികളിൽ 423 സീറ്റുകളിലും ജില്ലാ പഞ്ചായത്തുകളിൽ 20 സീറ്റുകളിലും ബിജെപിക്ക് എതിരാളികളില്ല.
ഗ്രാമപഞ്ചായത്തിൽ 71 ശതമാനം സീറ്റുകളിലും പഞ്ചായത്ത് സമിതികളിൽ 55 ശതമാനം സീറ്റുകളിലും ജില്ലാ പഞ്ചായത്തിൽ 17 ശതമാനം സീറ്റുകളിലും ബിജെപി ജയിച്ചു. ഓഗസ്റ്റ് എട്ടിനാണ് അവശേഷിക്കുന്ന സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കുക. ഇതോടെ സംസ്ഥാനത്ത് ആകെ 1819 സീറ്റുകളിലേക്കാണ് മത്സരം നടക്കുകയെന്ന് ഉറപ്പായി. വെസ്റ്റ് ത്രിപുരയിലെ മഹേസ്ഖല പഞ്ചായത്തിലെ ഒരു സീറ്റിലേക്ക് ബിജെപി സ്ഥാനാർത്ഥി മരിച്ചതിനാൽ വോട്ടെടുപ്പ് പിന്നീടാവും നടക്കുക. ബിജെപിക്ക് 1818 സീറ്റുകളിലും സ്ഥാനാർത്ഥിയുണ്ട്. സിപിഎമ്മിന് 1222 സീറ്റുകളിലും കോൺഗ്രസിന് 731 സീറ്റുകളിലുമാണ് സ്ഥാനാർത്ഥികളുള്ളത്. ബിജെപിയുടെ സഖ്യകക്ഷി തിപ്ര മോത പാർട്ടി 138 സീറ്റുകളിൽ മത്സരിക്കുന്നുണ്ട്.