Latest Malayalam News - മലയാളം വാർത്തകൾ

നീലേശ്വരം വെടിക്കെട്ട് അപകടം ; മരണം മൂന്നായി

Nileswaram fireworks accident; Three deaths

കാസര്‍കോട് നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തില്‍ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നീലേശ്വരം സ്വദേശി കെ ബിജു (38) ആണ് മരിച്ചത്. കഴിഞ്ഞ ആറ് ദിവസമായി വെന്റിലേറ്ററിലായിരുന്ന ബിജു ഇന്നലെ രാത്രി 7 മണിയോടെയാണ് മരിച്ചത്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നീലേശ്വരം കിണാവൂര്‍ സ്വദേശി രതീഷ്(32), കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി സന്ദീപ് എന്നിവരാണ് മരിച്ച മറ്റ് രണ്ട് പേർ.

തിങ്കളാഴ്ച അർധ രാത്രിയിലായിരുന്നു ക്ഷേത്രത്തിൽ വെടിക്കെട്ടപകടം ഉണ്ടായത്. മൂവാളംകുഴി ചാമുണ്ഡിയുടെ കുളിച്ചുതോറ്റം അരങ്ങിലെത്തിയപ്പോഴായിരുന്നു സംഭവം. പടക്കം പൊട്ടിച്ചപ്പോൾ തീപ്പൊരി പടക്കപ്പുരയിലേക്ക് വീഴുകയായിരുന്നു. ഇരുന്നൂറിലേറെ പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. അതേസമയം സംഭവത്തില്‍ അറസ്റ്റിലായവരുടെ ജാമ്യം കോടതി റദ്ദാക്കിയിട്ടുണ്ട്. ജാമ്യം നല്‍കിയ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡൂഷ്യല്‍ മജിസ്‌ട്രേറ്റ്(രണ്ട്) കോടതിയുടെ വിധിയാണ് ജില്ലാ സെഷന്‍സ് കോടതി സ്‌റ്റേ ചെയ്തത്. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരന്‍, സെക്രട്ടറി ഭരതന്‍, പടക്കം പൊട്ടിച്ച രാജേഷ് എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്.

Leave A Reply

Your email address will not be published.