കാസര്‍ഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ടത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരിച്ച നാല് പേരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. 4 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായമായി നൽകുക. ഷൊര്‍ണ്ണൂര്‍ റെയില്‍വേ പാലത്തില്‍ ശുചീകരണ പ്രവര്‍ത്തനത്തിനിടെ ട്രെയിന്‍ തട്ടി മരണപ്പെട്ട തമിഴ്നാട് സേലം സ്വദേശികളുടെ ആശ്രിതര്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 3 ലക്ഷം രൂപ വീതം അനുവദിക്കാന്‍ മന്ത്രിസഭ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. കിണാവൂർ സ്വദേശി രതീഷ്, സന്ദീപ്, നീലേശ്വരം കൊല്ലംപാറ സ്വദേശി ബിജു(38), ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് (19) എന്നിവരാണ് വെടിക്കെട്ട് അപകടത്തിൽ മരിച്ചത്. അപകടത്തിൽ 50 ശതമാനത്തിലേറെ ബിജുവിന് പൊള്ളലേറ്റിരുന്നു. സന്ദീപിന് 90 ശതമാനമാണ് പൊള്ളലേറ്റത്. വെടിക്കെട്ടപകടത്തിൽ നൂറിലേറെ പേർക്കാണ് പരിക്കേറ്റത്. പടക്കപുരയ്ക്ക് അടുത്ത് വച്ച് പടക്കത്തിന് തിരികൊളുത്തുകയും, കാണികൾക്ക് സമീപം പടക്കം അലക്ഷ്യമായി കൈകാര്യം ചെയ്യുകയുമായിരുന്നു.
