പുതുവത്സരാഘോഷത്തിന്റെ ഭാഗമായി വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർക്ക് കർശന നിർദ്ദേശം നൽകി മലപ്പുറം ജില്ലാ ആർടിഒ ബി ഷഫീഖ്. വാഹനാപകടങ്ങൾ മുന്നിൽ കണ്ടാണ് ആർടിഒയുടെ നിർദ്ദേശം. ഇന്നും നാളെയും രാത്രികളിൽ റോഡുകളിൽ കർശന പരിശോധനയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലയിലെ പ്രധാന അപകട മേഖലകൾ, ദേശീയ, സംസ്ഥാന പാത, പ്രധാന നഗരങ്ങൾ, ഗ്രാമീണ റോഡുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. പൊലീസിന് പുറമെ മോട്ടോർ വാഹന വകുപ്പിലെ എൻഫോസ്‌മെന്റ് വിഭാഗവും, മലപ്പുറം ആർടിഒ ഓഫീസ്, തിരൂരങ്ങാടി, പൊന്നാനി, തിരൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, കൊണ്ടോട്ടി സബ് ആർടിഒ ഓഫീസിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് രാത്രികാല പരിശോധന നടത്തുന്നത്.
