KERALA NEWS TODAY THIRUVANANTHAPURAM:തിരുവനന്തപുരം: നവകേരള സദസ്സിന് ഇന്ന് സമാപനം. നവംബർ 18ന് കാസർകോട് നിന്ന് ആരംഭിച്ച നവകേരള സദസ്സിന് ഇന്ന് തലസ്ഥാനത്ത് സമാപനമാകും. സർക്കാരിന്റെ നേട്ടങ്ങളും കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയും ജനങ്ങളെ ബോധ്യപ്പെടുത്തുകയായിരുന്നു മന്ത്രിമാരുടെ മണ്ഡല പര്യടന യാത്രയുടെ ലക്ഷ്യം. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ നവ കേരള സദസ്സ് പുരോഗമിക്കുമ്പോൾ യാത്ര കടന്നുപോകുന്ന തിരുവനന്തപുരത്തെ സ്ഥലങ്ങൾ താത്കാലിക റെഡ് സോണുകളായി പ്രഖ്യാപിച്ചിരുന്നു.കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസുകാരെ പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും മർദ്ദിച്ചതിൽ പ്രതിഷേധിച്ച് രാവിലെ 10ന് ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. കെപിസിസി ആസ്ഥാനത്തു നിന്ന് ആരംഭിക്കുന്ന മാർച്ചിന് പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, എം എം ഹസൻ, കെ മുരളീധരൻ തുടങ്ങിയവർ നേതൃത്വം നൽകും. കനത്ത സുരക്ഷയിലാണ് തലസ്ഥാനം ഇന്ന്.തിരുവനന്തപുരം ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലാണ് ഇന്ന് സദസ്സ് നടക്കുന്നത്. കോവളം മണ്ഡലത്തിലാണ് ആദ്യ വേദി. ഉച്ചയ്ക്ക് ശേഷം മൂന്നിന് പൂജപ്പുര മൈതാനത്ത് നേമം മണ്ഡലത്തിലെ നവകേരള സദസ് നടക്കും. കഴക്കൂട്ടം മണ്ഡലത്തിലെ നവകേരള സദസ്സ് വൈകിട്ട് 4.30ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ്. വൈകിട്ട് ആറിന് വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലാണ് തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ സംയുക്ത സദസ്സ് ഒരുക്കിയിരിക്കുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാലം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് മാറ്റിവെച്ച എറണാകുളം ജില്ലയിലെ 4 മണ്ഡലങ്ങളിലെ പര്യടനം ജനുവരി 1, 2 തീയതികളിൽ ആയിരിക്കും നടക്കുക.