Latest Malayalam News - മലയാളം വാർത്തകൾ

ഇസ്രയേലിനെതിരെ പുതിയ യുദ്ധമുന്നണി ഗാസയിലെ നീക്കങ്ങള്‍ ആശ്രയിച്ച്: മുന്നറിയിപ്പുമായി ഇറാന്‍

NATIONAL NEWS-ബാഗ്ദാദ്: ഹമാസുമായുള്ള യുദ്ധത്തില്‍ ഇസ്രയേലിനെതിരെ പുതിയ പോര്‍മുന്നണി രൂപപ്പെടുമോ എന്ന കാര്യം ഗാസയിലെ ഇസ്രയേല്‍ നടപടികളെ ആശ്രയിച്ചിരിക്കുമെന്ന് ഇറാന്‍.
ഇസ്രയേലിനെതിരെ പുതിയ ചേരി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പല രാജ്യങ്ങളും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമിര്‍ അബ്ദുല്ലാഹിയന്‍ പറഞ്ഞു.

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന നീക്കങ്ങളെ ആശ്രയിച്ചാണ് ഭാവി സാധ്യതകളെന്നാണ് എല്ലാവര്‍ക്കും മറുപടി നല്‍കിയിരിക്കുന്നത്. ഇസ്രയേല്‍ ഇപ്പോഴും കുറ്റകൃത്യങ്ങള്‍ തുടരുകയാണെന്നും ഹുസൈന്‍ പറഞ്ഞു.
ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഹുസൈന്‍ ഇക്കാര്യം വ്യക്തമാക്കിയത്. തുടര്‍ന്ന് വ്യാഴാഴ്ച ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ എത്തിയ ഹുസൈന്‍ ലബനീസ് അധികൃതരുമായി ചര്‍ച്ച നടത്തും.
ഹിസ്ബുല്ല, ഹമാസ് പ്രതിനിധികളാണ് ഹുസൈനെ ലബനനില്‍ സ്വീകരിച്ചത്.
ഏറെ വര്‍ഷങ്ങളായി ഹമാസിന് എല്ലാ പിന്തുണയും നല്‍കുന്ന ഇറാന്‍, പക്ഷെ ശനിയാഴ്ച ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന നിലപാടാണു സ്വീകരിച്ചത്.
ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ല വിഭാഗം ലബനനില്‍ ഇസ്രയേലിനെതിരെ വടക്കന്‍ അതിര്‍ത്തിയില്‍ യുദ്ധമുഖം തുറക്കുമോ എന്ന ആശങ്ക യുഎസ് ഉള്‍പ്പെടെ ലോകരാഷ്ട്രങ്ങള്‍ക്കുണ്ട്.
ജാഗ്രത പാലിക്കണമെന്ന് ഇറാനോടു യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടിരുന്നു.

Leave A Reply

Your email address will not be published.