Latest Malayalam News - മലയാളം വാർത്തകൾ

നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമരയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി

Nenmara double murder case accused Chenthamara shifted to high security jail in Viyyur

നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ ആലത്തൂർ സബ് ജയിലിൽ നിന്ന് വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി. കനത്ത പൊലീസ് സുരക്ഷയിലാണ് ചെന്താമരയെ വിയ്യൂരിലേക്ക് കൊണ്ടുപോയത്. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് ചെന്താമരയെ കോടതി റിമാൻഡ് ചെയ്തത്. ആലത്തൂർ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തത്. ഒരു കുറ്റബോധവുമില്ലാതെയായിരുന്നു പ്രതി കോടതിയിൽ ജഡ്ജിക്ക് മുന്നിൽ നിന്നത്. എന്തെങ്കിലും പരിക്കുകൾ ഉണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ ഒരുകാര്യം പറയാനുണ്ടെന്ന് ചെന്താമര പറഞ്ഞിരുന്നു. തന്നെ എത്രയും വേ​ഗം ശിക്ഷിക്കണം എന്നായിരുന്നു ചെന്താമര കോടതിയിൽ ആവശ്യപ്പെട്ടത്. നൂറ് വർഷം വരെ ശിക്ഷിച്ചോളൂ എന്നും പ്രതി കോടതിയിൽ പറഞ്ഞിരുന്നു.

പ്രതി കൊല നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നായിരുന്നു പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. ഇതിനായി ദിവസങ്ങൾക്ക് മുമ്പ് തന്നെ കൊടുവാൾ വാങ്ങിയിരുന്നു. പൂർവ്വ വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞിരുന്നു. തൻ്റെ പദ്ധതി കൃത്യമായി നടപ്പിലാക്കിയതിൻ്റെ സന്തോഷം പ്രതിക്കുണ്ടായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനേയും അമ്മ ലക്ഷ്മിയേയും അയല്‍വാസിയായ ചെന്താമര കൊലപ്പെടുത്തിയത്.

Leave A Reply

Your email address will not be published.