Latest Malayalam News - മലയാളം വാർത്തകൾ

പ്രകൃതി ഒളിപ്പിച്ചു വെച്ച സുന്ദരി: മലപ്പുറത്തെ പാലൂർക്കോട്ട വെള്ളച്ചാട്ടം.

KERALA NEWS TODAY MALAPPURAM:കേരളത്തിലെ മലപ്പുറത്തെ പച്ചപ്പിൽ സ്ഥിതി ചെയ്യുന്ന പാലൂർക്കോട്ട വെള്ളച്ചാട്ടം കണ്ടെത്താൻ ഇത്തിരി പാടാണ്. മലപ്പുറംകാരുടെ വിനോദ സഞ്ചാര ഭൂപടത്തില്‍ വളരെ കുറച്ചുവര്‍ഷങ്ങള്‍കൊണ്ട് കയറിപ്പറ്റിയ സ്ഥലമാണ് പാലൂര്‍കോട്ട വെള്ളച്ചാട്ടം. പ്രകൃതി തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഈ സുന്ദരമായ വെളളച്ചാട്ടത്തെ ഏറെ കരുതലോടെ ഒളിപ്പിച്ചു വെച്ച പോലെയാണ്.മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം, പുഴക്കാട്ടിരി പഞ്ചായത്തുകളോടു ചേർന്നു കിടക്കുന്ന മാലാപറമ്പ് പാലച്ചോടിനും കടുങ്ങപുരം പള്ളിക്കുളമ്പിനും ഇടയിലായി ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇവിടെ ഏകദേശം 500 അടിയോളം ഉയരത്തിൽ നിന്നും പാറക്കെട്ടുകളിലൂടെ വെള്ളം ഒഴുകുന്നു. ജൂൺ, ജൂലൈ മാസത്തിലെ ശക്തമായ മഴയിലാണ് ഇതിന്‍റെ പൂർണ്ണരൂപം ദൃശ്യമാകുക. സന്ദർശിക്കുപ്പോൾ എന്തുകൊണ്ട് എത്താൻ വൈകി എന്ന ചിന്ത മനസ്സിൽ തോന്നി പോകും.ടിപ്പു സുൽത്താന്‍റെ പടയോട്ടം മലബാറിൽ ആഞ്ഞടിച്ചപ്പോൾ ഇടത്താവളമായി ഈ പ്രദേശം ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. ഈ വെള്ളച്ചാട്ടത്തിന്റെ മുകളിൽനിന്ന് നോക്കിയാൽ കിലോമീറ്ററോളം ദൂരെ ആക്രമിക്കാൻ വരുന്ന ശത്രുക്കളെ കാണാൻ കഴിയുമായിരുന്നത്രേ. ശത്രുക്കൾക്ക് പെട്ടെന്ന് ഇതിന്‍റെ മുകളിലേക്ക് കയറാൻ കഴിയുകയില്ല എന്നതും ടിപ്പു ഈ സ്ഥലം ഒളിസങ്കേതമായി തിരഞ്ഞെടുക്കാൻ കാരണമായിരിക്കണം.വഴുക്കലും പായലും നിറഞ്ഞ പാറകളിലൂടെ പറ്റിപ്പിടിച്ചു വളരെ ശ്രദ്ധിച്ച് അതിനു മുകളിലേക്കു കയറുകയും ഇറങ്ങുകയും ചെയ്യേണ്ടതുണ്ട്. പ്രകൃതിയെ സ്നേഹിക്കുന്ന ഏതൊരു വ്യക്തിയേയും ഈ സ്ഥലം ആകർഷിക്കും. വിവിധതരത്തിലുള്ള പൂമ്പാറ്റകളും പക്ഷികളും കാണുന്ന ഇവിടം ജൈവവൈവിധ്യ കലവറ കൂടിയാണ്.ജൂൺ മാസം മഴ തുടങ്ങിയാൽ മനോഹരമാകുന്ന തട്ടുകളായുളള വെള്ളച്ചാട്ടത്തിന്റെ ശക്തി നവംബർ മാസത്തോടെ കുറഞ്ഞുവരുന്നു. മുകളിലെ തടാകമെന്നോ കുളമെന്നോ വിശേഷിപ്പിക്കാവുന്ന സ്ഥലത്തുനിന്ന് ഒഴുകിയെത്തു വെള്ളം താഴേക്ക് പതിക്കുന്നു. പിന്നെ കുറച്ചുദൂരം നിരപ്പായി സഞ്ചരിച്ച് പിന്നെയും ചെറിയ തട്ടായിമാറി രണ്ടാൾ ഉയരത്തിൽനിന്ന് താഴേക്ക് പതിക്കുന്നു. പിന്നീട് ചാലിലൂടെ ഒഴുകി തോട്ടിൽ ചെന്ന് പതിക്കുന്നു. രണ്ട് തട്ടായിട്ടുള്ള വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം മുഴുവൻ ആസ്വദിക്കണമെങ്കിൽ മുകളിലത്തെ തട്ടിൽ കയറണം. ഇവിടെ നിന്നാൽ ആ നാടിന്റെ ദൂരക്കാഴ്ചയും കാണാനാകും.അധികം ആരും അറിയാത്തൊരിടമായതിനാൽ തിരക്കേതുമില്ലെന്നും സ്വസ്തമായി പ്രകൃതി ഭംഗി ആസ്വദിക്കണമെന്നുള്ളവർക്ക് ഇവിടേക്ക് പോരാം.നനയില്ലെന്ന് തീരുമാനമെടുത്ത് യാത്ര പുറപ്പെട്ടാൽ പോലും ആ പാലരുവിയിൽ ഇറങ്ങാതെ തരമില്ലെന്നു തോന്നിപോകും, അത്രമാത്രം മോഹിപ്പിക്കുന്നൊരിടമാണ് പാലൂർ കോട്ട. അങ്ങാടിപ്പുറം-കോട്ടക്കൽ റൂട്ടിൽ കടുങ്ങാപുരം സ്‌കൂൾ പടിയിൽ നിന്ന് രണ്ടു കിലോമീറ്റർ യാത്ര ചെയ്‌താൽ ഇവിടെ എത്തിച്ചേരാം.

Leave A Reply

Your email address will not be published.