Latest Malayalam News - മലയാളം വാർത്തകൾ

മൈസൂരു ദസറയ്ക്ക് തുടക്കമായി, ഇത്തവണ വ്യോമ പ്രദര്‍ശനവും; ടൂര്‍ പാക്കേജുമായി കര്‍ണാടകRTC

NATIONAL NEWS-വിശ്വാസവും കലയും സമ്മേളിക്കുന്ന മൈസൂരു ദസറയ്ക്ക് ഞായറാഴ്ചതുടക്കമാകും.
പത്തുദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് ചരിത്രനഗരമായ മൈസൂരുവില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
രാവിലെ 10.15-ന് ചാമുണ്ഡിമലയില്‍ നടക്കുന്ന ചടങ്ങില്‍ സംഗീതസംവിധായകന്‍ ഹംസലേഖ ദസറ ഉദ്ഘാടനം ചെയ്യും.
ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോത്, മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രിമാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

തിങ്കളാഴ്ച മുതല്‍ നഗരത്തിലെ വിവിധവേദികളിലായി സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. ആഘോഷങ്ങള്‍ക്ക് മുന്നോടിയായി മൈസൂരുകൊട്ടാരവും നഗരവും ശനിയാഴ്ചയോടെ ദീപാലങ്കാരങ്ങളാല്‍ പ്രകാശപൂരിതമായി. ദസറയുടെ പാരമ്പര്യ ചടങ്ങുകള്‍ക്കായി അംബാ വിലാസ് കൊട്ടാരത്തിലെ സുവര്‍ണ സിംഹാസനവും തയ്യാറായി. വിജയദശമി ദിനത്തിലാണ് ഒട്ടേറെ ആനകള്‍ അണിനിരക്കുന്ന ജംബുസവാരി നടക്കുക. ദസറയോടനുബന്ധിച്ച് പ്രത്യേക പുഷ്പമേളയും നടക്കും.

ആഘോഷങ്ങള്‍ കാണാനും പങ്കെടുക്കാനുമായി രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നായി ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ വരുംദിവസങ്ങളില്‍ നഗരത്തിലെത്തുമെന്നാണ് പ്രതീക്ഷ. ആഘോഷത്തിന് ആവേശംപകരാന്‍ ഇത്തവണ വ്യോമ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. 23-ന് വൈകീട്ട് നാലുമുതല്‍ അഞ്ചുവരെ ബിന്നിമണ്ഡപ പരേഡ് മൈതാനത്താണ് വ്യോമപ്രദര്‍ശനം നടക്കുക. ഏതാനും വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇത്തവണപ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

16 മുതല്‍ 22 വരെ പ്രത്യേകചലച്ചിത്രമേളയും നടക്കും. വിവിധ വിഭാഗങ്ങളിലായി 112 സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. യുവാക്കളുടെ കലാ കായിക മത്സരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള യുവദസറയും സംഘടിപ്പിക്കും. 18 മുതല്‍ 21 വരെയാണ് യുവദസറ. സംസ്ഥാനത്ത് വരള്‍ച്ച പിടിമുറുക്കിയതിനാല്‍ ഇത്തവണ ചെലവുകുറച്ചുള്ള ആഘോഷമാണ് സംഘടിപ്പിക്കുകയെന്ന് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

Leave A Reply

Your email address will not be published.