Kerala News Today- തിരുവനന്തപുരം: മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസിലെ കൂട്ടു പ്രതിയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു.
താൻ പീഡിക്കപ്പെടുമ്പോൾ കെ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് പോക്സോ കേസിലെ അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ടെന്നും പീഡന വിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടിട്ടിലെന്നാണ് അതിജീവിതയുടെ മൊഴിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ആ കേസില്‍ ചോദ്യം ചെയ്യാനാണ് സുധാകരനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരിക്കുന്നത്. പീഡന വിവരം അറിഞ്ഞിട്ടും സുധാകരന്‍ ഇടപെട്ടിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. അതിജീവിതയുടെ മൊഴി ഗൗരവമേറിയതാണ്.
ആ കേസിലാണ് മോന്‍സന്‍ മാവുങ്കലിനെ കോടതി ശിക്ഷിച്ചത്. പോക്സോ കേസുമായി ബന്ധപ്പെട്ടും സുധാകരനെ ചോദ്യംചെയ്യേണ്ടി വരുമെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.
വളരെ ഗൗരവകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആര്‍ക്കെതിരേയും കേസെടുക്കാന്‍ സിപിഎം നിര്‍ദേശിച്ചിട്ടില്ല. കള്ളക്കേസില്‍ ആരേയും കുടുക്കണമെന്ന് സിപിഎമ്മിന് താത്പര്യവുമില്ല.
എല്ലാ അർത്ഥത്തിലും പത്രസ്വാതന്ത്ര്യം അനുവദിക്കണമെന്നാണ് സിപിഎം നിലപാട്. സർക്കാരിനെയും എസ്എഫ്ഐയെയും വിമർശിച്ചാൽ കേസെടുക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ല.
കുറ്റവാളികളെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരണമെന്നാണ് പറഞ്ഞത്.
മാധ്യമങ്ങൾ ഇവന്റ് മാനേജ് മെന്റിൻ്റെ ഭാഗമായി പറയാത്ത കാര്യം പറഞ്ഞുവെന്ന് കള്ളപ്രചാരണം നടത്തുകയാണ്. ഇത്രയും കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങൾ ലോകത്തെവിടെയുമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
Kerala News Today