Latest Malayalam News - മലയാളം വാർത്തകൾ

നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകം; പ്രതി അമിറുള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

KERALA NEWS TODAY KOCHI :കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇതുസംബന്ധിച്ച നിര്‍ണായക വിധി പറഞ്ഞത്. കേസില്‍ നിന്നും കുറ്റവിമുക്തനാക്കി വെറുതെവിടണമെന്ന പ്രതിയുടെ ആവശ്യവും ഹൈക്കോടതി തള്ളി. കേസില്‍ ഡിഎന്‍എയും മറ്റു ശാസ്ത്രീയ തെളിവുകളുമാണ് നിര്‍ണായകമായത്. ഡിഎന്‍എ സാമ്പിളുകള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ വിശ്വസിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വീടിന്‍റെ വാതില്‍ കട്ടിലയില്‍ നിന്നും പെണ്‍കുട്ടിയുടെ ചുരിദാറില്‍ നിന്നും കണ്ടെത്തിയ രക്ത സാമ്പിളുകള്‍ തെളിവായി എടുക്കാമെന്നും കോടതി ഉത്തരവില്‍ ചൂണ്ടികാട്ടി.കോടതി വിധി കേള്‍ക്കാൻ നിയമവിദ്യാര്‍ത്ഥിനിയുടെ അമ്മയും സഹോദരിയും കോടതിയില്‍ എത്തിയിരുന്നു. കൊലപാതകം, ബലാൽസംഗം,അതിക്രമിച്ചുകയറൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയകുറ്റങ്ങളാണ് അസാം സ്വദേശിയായ അമിറുൾ ഇസ്ലാമിനെതിരെ നേരത്തെ തെളിഞ്ഞത്. താൻ കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണക്കോടതി പരിഗണിച്ചതെന്നുമാണ് പ്രതിയുടെ അപ്പീലിലെ വാദം. 2016 ഏപ്രിൽ 28നാണ് പെരുമ്പാവൂരില്‍ നിയമ വിദ്യാർഥിനി കൊല്ലപ്പെട്ടത്.

Leave A Reply

Your email address will not be published.