KERALA NEWS TODAY-കണ്ണൂർ : ചെറുപുഴ ടൗണിൽ സ്വകാര്യ സ്ഥാപനത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു.
ടൗണിൽ തിരുമേനി റോഡിലെ മേരിമാതാ ഡ്രൈവിങ് സ്കൂൾ ജീവനക്കാരി സി.കെ.സിന്ധു(40)വിനാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.40-ന് ഡ്രൈവിങ് സ്കൂളിലെത്തിയ കന്യാകുമാരി പാൽക്കളം സ്വദേശി രാജൻ യേശുദാസ് (46) ആണ് സിന്ധുവിനെ കുത്തിയത്.
കരഞ്ഞ് ബഹളംവെച്ച് പുറത്തേക്ക് ഓടിയിറങ്ങിയ സിന്ധുവിന്റെ പുറത്തും ഇയാൾ കുത്തി.
ഓടിയെത്തിയ നാട്ടുകാർ സിന്ധുവിനെ ചെറുപുഴ സെയ്ന്റ് സെബാസ്റ്റ്യൻസ് ആസ്പത്രിയിലെത്തിച്ചു. സിന്ധുവിന്റെ തലയിൽ 14 സ്റ്റിച്ചും പുറത്ത് ഏഴ് സ്റ്റിച്ചുമുണ്ട്. അക്രമത്തിനുശേഷം ചെറുപുഴ സ്റ്റേഡിയം റോഡിലൂടെ ഓടിയ രാജനെ പാണ്ടിക്കടവ് റോഡിൽനിന്ന് പിടികൂടി. ഇയാൾ അരയിൽനിന്നും കത്തിയെടുത്ത് പിന്തുടർന്നെത്തിയ നാട്ടുകാരെ ഭീഷണിപ്പെടുത്തി. വിവരമറിഞ്ഞ് ചെറുപുഴ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ എം.പി.ഷാജി, നാരായണൻ നമ്പൂതിരി, സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പോലീസെത്തി ഇയാളെ പിടിച്ചു.
കർണാടകയിലെ ധർമസ്ഥലയിൽ ടാപ്പിങ് തൊഴിലാളിയായ തനിക്ക് സിന്ധുവുമായി നേരത്തേമുതൽ പരിചയമുണ്ടെന്ന് രാജൻ പോലീസുകാരോട് പറഞ്ഞു. പിന്നീട് ഇവർ തമ്മിലുണ്ടായ അകൽച്ചയാണ് അക്രമത്തിൽ കലാശിച്ചതെന്ന് കരുതുന്നു. 17-ഓളം കേസുകളിൽ താൻ പ്രതിയാണെന്നും രാജൻ പോലീസിനോട് പറഞ്ഞു. പോലീസ് ഇക്കാര്യം അന്വേഷിച്ചുവരികയാണ്.
വ്യാഴാഴ്ച ചിറ്റാരിക്കാൽ പാലത്തിന് സമീപമുള്ള ലോഡ്ജിൽ മുറിയെടുത്ത് താമസിച്ച ഇയാൾ വെള്ളിയാഴ്ച ചെറുപുഴയിലെ ബാറിലെത്തി മദ്യപിച്ചു. ഇതിനുശേഷമാണ് ഡ്രൈവിങ് സ്കൂളിലെത്തി സിന്ധുവിന് നേരേ അക്രമം നടത്തിയത്. രാജൻ പോലീസ് കസ്റ്റഡിയിലാണ്. പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.