Kerala News Today-കോട്ടയം: സംസ്ഥാനത്തെ നിരത്തുകളിൽ കുട്ടി ഡ്രൈവർമാർ ചീറിപ്പായുന്നതിനെതിരെ മോട്ടോർ വാഹന വകുപ്പും പോലീസും നടപടി ശക്തമാക്കുന്നു. കുട്ടികൾക്ക് വാഹനമോടിക്കാൻ നൽകുന്ന രക്ഷിതാക്കൾക്കെതിരെ നടപടി കടുപ്പിക്കാനാണ് തീരുമാനം.
കുട്ടി ഡ്രൈവർമാരെ കണ്ടെത്താൻ പോലീസ് ഏപ്രിലിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 400ലധികം കേസാണ് രജിസ്റ്റർ ചെയ്തത്.
ലൈസൻസ് നേടാത്ത, പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനമോടിക്കാൻ നൽകുന്ന രക്ഷിതാക്കൾക്കെതിരെ നടപടി കടുപ്പിക്കും.
പ്രായപൂർത്തിയാകാതെ വാഹനമോടിച്ചവർക്കും വാഹന ഉടമക്കും രക്ഷിതാക്കൾക്കുമെതിരെ ശിക്ഷാനടപടി ശിപാർശ ചെയ്യുന്ന മോട്ടോർ വാഹന നിയമത്തിലെ 199 എ വകുപ്പ് ചുമത്തി ഈ സംഭവങ്ങളിലെല്ലാം കേസെടുത്തിട്ടുണ്ട്. രജിസ്റ്റർ ചെയ്ത കേസുകളിൽ 338 എണ്ണവും വടക്കൻ ജില്ലകളിലാണ്. ഏറ്റവുമധികം കേസുകൾ മലപ്പുറം ജില്ലയിലാണ്. 145 എണ്ണം.
പ്രായപൂർത്തിയാകാത്ത കുട്ടികൾ ചെയ്യുന്ന ഗതാഗത കുറ്റകൃത്യങ്ങൾക്ക് രക്ഷിതാക്കളെയോ മോട്ടോർ വാഹന ഉടമയെയോ പ്രതിയാക്കി കേസെടുക്കണമെന്നാണ് വ്യവസ്ഥ.
ലൈസൻസ് റദ്ദാക്കി പ്രോസിക്യൂഷൻ നടപടിയിലൂടെ രക്ഷിതാവിനെയോ വാഹന ഉടമയെയോ മൂന്ന് വർഷം വരെ തടവിനും 25,000 രൂപ പിഴക്കും ശിക്ഷിക്കാവുന്ന വകുപ്പാണിത്.
വാഹനത്തിൻ്റെ രജിസ്ട്രേഷൻ 12 മാസത്തേക്ക് റദ്ദാക്കുകയും ചെയ്യാം.
Kerala News Today