കോവിഷീല്‍ഡ് വാക്‌സിനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സര്‍ട്ടിഫിക്കറ്റില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു. പ്രധാനമന്ത്രിയുടെ ചിത്രമില്ലാത്ത സര്‍ട്ടിഫിക്കറ്റാണ് ഇപ്പോൾ സൈറ്റിൽ ലഭിക്കുന്നത്. ‘ഒത്തൊരുമിച്ച് ഇന്ത്യ കോവിഡിനെ പരാജയപ്പെടുത്തും’ എന്ന തലക്കെട്ടോടെ പ്രധാനമന്ത്രിയുടെ ചിത്രം വെച്ചായിരുന്നു മുന്നേ സൈറ്റിൽ നല്കിയിരുന്നത്. എന്നാൽ ഇപ്പോൾ അടിക്കുറിപ്പ് മാത്രമാണുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാതൃകാ പെരുമാറ്റച്ചട്ടം (എം.സി.സി) നിലവിലുള്ളതിനാൽ വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് ചിത്രം നീക്കം ചെയ്തതായാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നല്കുന്ന വിശദീകാരണം. വാക്സിൻ എടുത്തത് മൂലം ആരോഗ്യപ്രശ്നങ്ങൾ നേരിട്ട നിരവധി പേർ യു.കെയിൽ കോടതിയെ സമീപിച്ചിരുന്നു. മരണങ്ങൾക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും വാക്സിൻ കാരണമായെന്ന് ചൂണ്ടിക്കാട്ടി യു.കെ ഹൈകോടതിയിൽ ഫയൽ ചെയ്ത 51 കേസുകളിലെ ഇരകൾ 100 ദശലക്ഷം പൗണ്ട് വരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. രക്തം കട്ടപിടിക്കുന്നതടക്കമുള്ള അപൂര്‍വ്വ പാര്‍ശ്വഫലങ്ങള്‍ കോവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവെച്ചവര്‍ക്കുണ്ടാകുമെന്ന് നിര്‍മാതാക്കൾ യു.കെ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.