സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിൻ്റെ പരിസരത്ത് നടത്തിയ പരിശോധനയ്ക്കിടെയാണ് ഫോൺ കണ്ടെത്തിയത്. 10-ാം നമ്പർ സെല്ലിൻ്റെ മുന്നിൽ കല്ലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫോൺ. കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.നേരത്തെയും പലതവണ കണ്ണൂർ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടിയിരുന്നു.
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിലെ അവിശ്വസനീയത ഇപ്പോഴും തുടരുന്നതിനിടെയാണ് മൊബൈൽ ഫോണുകൾ പിടികൂടിയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ഒരുപാട് കാര്യങ്ങൾ പുറത്തുവന്നെങ്കിലും ജയിൽ ചാട്ടത്തിലെ ദുരൂഹത മാറിയിട്ടില്ല. ഒരു കൈ മാത്രം ഉപയോഗിച്ച് ഗോവിന്ദച്ചാമി നടത്തിയത് അമാനുഷിക ജയിൽ ചാട്ടമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജയിൽ ചാടിയ ശേഷം മാത്രമാണ് ഗോവിന്ദച്ചാമി നടത്തിയ പത്തുമാസത്തെ തയ്യാറെടുപ്പ് പുറത്ത് അറിഞ്ഞതെന്ന ജയിൽ അധികൃതരുടെ വാദമാണ് ഏറ്റവും ദുരൂഹമായി നിലനിൽക്കുന്നത്.