Latest Malayalam News - മലയാളം വാർത്തകൾ

വെള്ളിമാടുകുന്ന് ബാലമന്ദിരത്തിൽ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി

Kerala News Today-കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്ന് ബാലമന്ദിരത്തിൽ നിന്ന് കാണാതായ നാലു കുട്ടികളേയും കണ്ടെത്തി.
ഏറനാട് എക്സ്പ്രസിൽ സഞ്ചരിച്ചിരുന്ന മൂന്നുപേരെ ഷൊർണൂരിൽ നിന്നാണ് കണ്ടെത്തിയത്. കൊയിലാണ്ടിയിൽ നിന്നാണ് കോഴിക്കോട് സ്വദേശികളായ മൂന്നുപേരും ട്രെയിൻ കയറിയത്. കാണാതായ ഉത്തർപ്രദേശ് സ്വദേശിയായ കുട്ടിയെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കണ്ടെത്തിയത്.

സ്റ്റേഷനില്‍ വച്ച് ഒരാളുടെ ഫോണില്‍ നിന്ന് ബാലമന്ദിരത്തില്‍ നിന്ന് ഇവരെ ചാടാന്‍ സഹായിച്ച ആളെ ബന്ധപ്പെട്ടിരുന്നു.
ഇത് ട്രെയ്‌സ് ചെയ്താണ് പോലീസ് കുട്ടികളെ കണ്ടെത്തിയത്.
ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയപ്പോള്‍ കേരളാ പോലീസും അര്‍ടിഎഫും ജനറല്‍ കോച്ചില്‍ നടത്തിയ പരിശോധനയില്‍ കുട്ടികളെ കണ്ടെത്തുകയായിരുന്നു. ഷൊർണൂരിലുള്ള കുട്ടികളെ രാത്രിയോടെ കോഴിക്കോട്ട് എത്തിക്കും.
ഇന്നലെ രാത്രിയോടെ നാല് ആണ്‍കുട്ടികളെയാണ് കാണാതായത്.

ശുചിമുറിയുടെ ഗ്രിൽ തക‍ർത്താണ് കുട്ടികൾ പുറത്ത് കടന്നത്. ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണ് രണ്ട് ബ്ലോക്കുകളിലായി കഴിഞ്ഞിരുന്ന 4 കുട്ടികൾ ശുചിമുറികളുടെ വെന്റിലേറ്റർ ഗ്രിൽ തകർത്തത്. ജീവനക്കാർ ശബ്ദം കേൾക്കാതിരിക്കാൻ ടിവിയുടെ ശബ്ദം കൂട്ടിവച്ചു.
സ്ഥലത്തുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാൻ തലയണയും വിരിയുമുപയോഗിച്ച് കിടക്കയിൽ ആൾരൂപമുണ്ടാക്കി.
തുടർന്ന് 11 മണിയോടെയാണ് കുട്ടികൾ പുറത്ത് കടന്നത്.

ഇന്ന് രാവിലെയാണ് ബാലമന്ദിരത്തിലെ അധികൃതര്‍ കൂട്ടികളെ കാണാനില്ലെന്ന് വിവരം ചേവായൂര്‍ പോലീസിനെ അറിയിച്ചത്.
തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞത്. സംഭവത്തില്‍ ബാലവകാശ കമ്മീഷന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ വർഷം വെള്ളിമാടുകുന്ന് ബാലമന്ദിരത്തിൽ നിന്ന് കുട്ടികളെ കാണാതായിരുന്നു.
അന്ന് ഇവിടത്തെ സുരക്ഷാപ്രശ്നങ്ങളും ജീവനക്കാരുടെ കുറവും വിവാദമായതോടെ ബാലമന്ദിരത്തിലേക്ക് കൂടുതൽ ജീവനക്കാരെ നിയോഗിക്കുകയും ചെയ്തിരുന്നു.

 

 

 

 

 

 

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.