Latest Malayalam News - മലയാളം വാർത്തകൾ

കര്‍ഷക ആത്മഹത്യ; ബാങ്കുകളെ പ്രതിസ്ഥാനത്ത് നിര്‍ത്തി മന്ത്രി ജി.ആര്‍.അനില്‍

KERALA NEWS TODAY – തിരുവനന്തപുരം: കുട്ടനാട്ടിലെ കര്‍ഷക ആത്മഹത്യയില്‍ ബാങ്കുകളെ പ്രതിസ്ഥാനത്ത് നിര്‍ത്തി ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍.
ആത്മഹത്യ ചെയ്ത പ്രസാദിന് സിബില്‍ സ്‌കോര്‍ 800ന് മുകളിലുണ്ടെന്നും അതിനാല്‍ ബാങ്ക് വായ്പ നിഷേധിച്ചത് പി.ആര്‍.എസ്. വായ്പാ കുടിശ്ശിക സിബില്‍ സ്‌കോറിനെ ബാധിച്ചതാണെന്നുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു.
കര്‍ഷക ആത്മഹത്യയ്ക്ക് കാരണം ബാങ്കിന്റെ നിബന്ധനകളും വ്യവസ്ഥകളുമാണെന്നാണ് മന്ത്രി പറയുന്നത്.

പി.ആര്‍.എസ്. കുടിശ്ശികയുടെ പേരില്‍ ബാങ്ക് വായ്പ നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ മാനസിക വിഷമത്തിലാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് പ്രസാദിന്റെതായി പുറത്തുവന്ന ശബ്ദ സന്ദേശത്തില്‍ നിന്ന് വ്യക്തമാണ്.
താന്‍ പരാജയപ്പെട്ടുപോയ കര്‍ഷകനാണെന്ന് സുഹൃത്തിനോട് പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്ന ഓഡിയോയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
”5 ലക്ഷം രൂപയാണ് എന്റെ പേരില്‍ സിബില്‍ കാണിക്കുന്നത്. കാരണം ഞാന്‍ നെല്ല് അങ്ങോട്ട് കൊടുത്തു. അവരെനിക്ക് 5 ലക്ഷം രൂപ ലോണായിട്ടാ തന്നത്.
ഞാനിപ്പോള്‍ സര്‍ക്കാരിന് കടക്കാരനാ. നെല്ലിന്റെ പൈസ ലോണായിട്ടാ എനിക്ക് കിട്ടിയത്.
സര്‍ക്കാരത് തിരിച്ചടിച്ചിട്ടില്ല. സര്‍ക്കാര്‍ അത് ബാങ്കുകാര്‍ക്ക് കൊടുത്താലേ എന്റെ ലോണ്‍ തീരുകയുള്ളൂ. അല്ലാതെ അവരെനിക്ക് വേറെ ലോണ്‍ തരില്ല.
എനിക്കിപ്പോ ആരും പണം തരില്ല. ഞാന്‍ പരാജയപ്പെട്ടവനാ-” എന്നാണ് പ്രസാദ് ഫോണ്‍ സംഭാഷണത്തില്‍ വേദനയോടെ പറയുന്നത്.

എന്നാല്‍ പ്രസാദിന്റെ വാദം ബാങ്കുകളുടെ തലയില്‍ വെക്കുകയാണ് മന്ത്രി ചെയ്യുന്നത്. ബാങ്കുകളുമായുള്ള ധാരണ പ്രകാരം വായ്പയുടെ തിരിച്ചടവ് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.
പി.ആര്‍.എസ്. വായ്പ ഒരിക്കലും കര്‍ഷകരെ നേരിട്ട് ബാധിക്കുന്നതല്ലെന്നും മന്ത്രി പറയുന്നു. സപ്ലൈകോയും സര്‍ക്കാരും സംഭരിക്കുന്ന നെല്ലുവരെ ഈടുവെച്ചാണ് വായ്പ എടുക്കുന്നത്.
ഇത്രയധികം ജാമ്യം വെയ്ക്കുമ്പോഴും കര്‍ഷകര്‍ക്ക് മേല്‍ എന്തിനാണ് വാള്‍ വെക്കുന്നതെന്നും മന്ത്രി ചോദിച്ചു. പി.ആര്‍.എസ്. വായ്പയില്‍ ഇതുവരെ കുടിശ്ശിക വന്നിട്ടില്ല.
കൃത്യമായ കാലാവധിക്കുള്ളില്‍ പലിശ സഹിതം തിരിച്ചടക്കുന്നുണ്ട്. ഇനി ഏതെങ്കിലും കാരണത്താല്‍ കുടിശ്ശിക വന്നാല്‍ പോലും അത് കര്‍ഷകരെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave A Reply

Your email address will not be published.