വാഹനാപകടത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട പാലക്കാട് പനയംപാടം സന്ദര്‍ശിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. സ്ഥലത്തെത്തിയ മന്ത്രി തന്റെ ഔദ്യോഗിക വാഹനമോടിച്ച് പരിശോധന നടത്തി. അപകടത്തിന് കാരണക്കാരായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പ്രശ്‌നത്തിന് സ്ഥിരമായ പരിഹാരം വേണമെന്ന് പറഞ്ഞ മന്ത്രി നവീകരണത്തിന് എന്‍എച്ച്‌ഐ പണം അനുവദിച്ചില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കുമെന്ന് വ്യക്തമാക്കി. റോഡ് പണിതതില്‍ പ്രശ്‌നമുണ്ട്. പാലക്കാട് നിന്ന് കോഴിക്കോട്ട് പോകുന്ന റോഡിന്റെ വളവില്‍ വീതി കുറവാണ്. ഇങ്ങനെ വരുമ്പോള്‍ വാഹനം വലത്തോട്ട് വരാനുള്ള പ്രവണത ഉണ്ടാവും. ഇവിടെ മാറ്റം കൊണ്ടുവരാനായി റോഡിലെ ഓട്ടോ സ്റ്റാന്‍ഡ് മറുവശത്തേക്ക് മാറ്റും. താല്‍ക്കാലിക ഡിവൈഡറും സ്ഥാപിക്കും. റോഡ് ഉടന്‍ വീണ്ടും പരുക്കനാക്കുമെന്നും മന്ത്രി വ്യക്തമാക്കി.