Kerala News Today-കോഴിക്കോട്: കെസിബിസിയുടെ നിലപാട് പ്രകോപനപരമെന്ന മുന്‍ പ്രതികരണം മയപ്പെടുത്തി വനം മന്ത്രി എ.കെ ശശീന്ദ്രന്. കെസിബിസി സമരത്തെ പ്രകോപനപരമായി പ്രോല്‍സാഹിപ്പിക്കുന്നില്ല. മൃതദേഹം വച്ച് വിലപേശല്‍ നടത്തരുത് എന്നാണ് കെസിബിസി പറഞ്ഞത്. വിലപേശല്‍ സമരം ശരിയല്ല എന്ന തൻ്റെ നിലപാടിനെ സാധൂകരിക്കുന്നതാണിത്.
താൻ ആരെയും ഭീഷണിപ്പെടുത്തിയില്ലെന്നും അപേക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു. അത്തരം സമരത്തെ പിന്തുണയ്ക്കുന്നില്ലെന്നാണ് കെസിബിസി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. വനംവകുപ്പ് മന്ത്രി എന്ന നിലയിൽ അത് തനിക്ക് ഊർജ്ജം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കാട്ടുപോത്ത് നാട്ടിലിറങ്ങി ആളെ കൊല്ലുന്നത് അപൂർവ്വത്തിൽ അപൂർവ്വമാണെന്നാണ് വിദഗ്ധർ പറയുന്നത്. മയക്കുവെടിവെച്ച് പിടികൂടി അരിക്കൊമ്പനെ മാറ്റിയതുപോലെ മാറ്റുക എന്നാണ് കരുതുന്നത്. എന്നാൽ അപ്പോൾ കോടതി ഇടപെടും. അതുകൊണ്ടാണ് അത്തരമൊരു നടപടിയിലേക്ക് പോകാൻ വനംവകുപ്പിന് കഴിയാത്തത്.
മൃതദേഹം ഉപയോഗിച്ച് വിലപേശൽ സമരം നടത്തിയില്ല എന്ന ബിഷപ്പിൻ്റെ വാക്കുകളെ സ്വാഗതം ചെയ്യുന്നു. സംഘർഷ രഹിതമായി സമരങ്ങൾ നടത്തേണ്ടതുണ്ടെന്നാണ് സർക്കാരിൻ്റെ നിലപാട്. കെസിബിസി നിലപാട് വ്യക്തമാക്കിയതിന് നന്ദി. കെസിബിസിക്ക് പ്രകോപനപരമായ നിലപാട് ഇല്ലെന്ന് വ്യക്തമായി. ആരൊക്കെയാണ് സമരത്തിന് പിന്നിലെന്ന് വ്യക്തമല്ല. ജനത്തെ വെച്ച് ചർച്ച ചെയ്യാനാകില്ലെന്നും മന്ത്രി പറഞ്ഞു. ബിഷപ്പുമായുള്ളത് നല്ല സൗഹൃദമാണ്. അതിപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala News Today