Latest Malayalam News - മലയാളം വാർത്തകൾ

പുതിയ ഫ്രഞ്ച് പ്രധാനമന്ത്രിയായി മിഷേൽ ബാർണിയർ

Michel Barnier as the new French Prime Minister

മിഷേൽ ബാർണിയർ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. അമ്പതു ദിവസത്തോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ഫ്രാൻസിൽ പുതിയ പ്രധാനമന്ത്രി അധികാരത്തിലെത്തുന്നത്. ആർക്കും ഭൂരിപക്ഷമില്ലാത്ത നാഷണൽ അസംബ്ലിയെയാണ് 73കാരനായ ബാർണിയർക്ക് നയിക്കേണ്ടി വരിക. ബ്രക്‌സിറ്റ് മധ്യസ്ഥനും എൽആർ പാർട്ടി നേതാവുമാണ് മിഷേൽ ബാർണിയർ. തെരഞ്ഞെടുപ്പ് നടന്ന് 50 ദിവസങ്ങൾക്ക് ശേഷമാണ് പുതിയ പ്രധാനമന്ത്രിയെ പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ തീവ്ര ഇടതുപക്ഷ സഖ്യമായ ന്യൂ പോപ്പുലർ ഫ്രണ്ടിനെ അവഗണിച്ചാണ് മക്രോണിന്റെ നീക്കം. ഫ്രാൻസും യൂറോപ്യൻ യൂണിയനുമായുള്ള നിരവധി ചർച്ചകളിൽ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു ബാർണിയർ. ബ്രിട്ടനും ഫ്രാൻസും തമ്മിൽ നടന്ന ബ്രക്‌സിറ്റ് ചർച്ചകളിലും മധ്യസ്ഥന്റെ റോളിൽ പ്രവർത്തിച്ചത് ബാർണിയറായിരുന്നു.

നാല് തവണ കാബിനറ്റ് മന്ത്രിയും രണ്ട് തവണ യൂറോപ്യൻ യൂണിയൻ കമ്മീഷണറായും പ്രവർത്തിച്ചിട്ടുള്ള ബാർണിയർ 1958നു ശേഷം ഫ്രഞ്ച് പ്രധാനമന്ത്രിയാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയാണ്.
മറീൻ ലീ പെന്നിന്റെ തീവ്രവലതുപക്ഷ പാർട്ടിയായ നാഷണൽ റാലിയുടെ വലതുപക്ഷ നിലപാടുകളോട് ആഭിമുഖ്യം പുലർത്തുന്നയാളാണ് ബാർണിയർ. 126 എംപിമാരും 16 സഖ്യകക്ഷികളുമുള്ള നാഷണൽ റാലിയുടെ അഭിപ്രായത്തിന് മക്രോൺ ചെവികൊടുത്തുവെന്നതിന്റെ തെളിവാണ് ബാർണിയറുടെ പ്രധാനമന്ത്രിപദം. കുടിയേറ്റങ്ങൾക്ക് നിയന്ത്രണം വേണമെന്ന നാഷണൽ റാലി പാർട്ടിയുടെ നിലപാട് തന്നെയാണ് ബാർണിയർക്കുമുള്ളത്. ആർക്കും ഭൂരിപക്ഷമില്ലാത്ത 577 അംഗ പാർലമെന്റിൽ 142 സീറ്റുകളാണ് നാഷണൽ റാലിക്കുള്ളതെങ്കിൽ 193 സീറ്റുകളാണ് ന്യൂ പോപ്പുലർ ഫ്രണ്ടിനുള്ളത്. മക്രോണിന്റെ റിനൈസെൻസ് പാർട്ടി 166 സീറ്റ് നേടി രണ്ടാം സ്ഥാനത്താണ്.

Leave A Reply

Your email address will not be published.