TECHNOLOGY NEWS:കൗമാരക്കാരേയും കുട്ടികളേയും ഹാനികരമായി ബാധിക്കുന്ന ഇന്റർനെറ്റ് ഉള്ളടക്കങ്ങൾ ഹൈഡ് ചെയ്യാൻ നടപടികളുമായി മെറ്റാ. ഇൻസ്റ്റാഗ്രാം ഫെയ്സ്ബുക്ക് എന്നീ പ്ലാറ്റ്ഫോമുകളിൽ വരുന്ന ചെറുപ്പക്കാരെ ദോഷകരമായി ബാധിക്കുന്ന തരത്തിലെ ഉള്ളടക്കങ്ങൾ ഒഴിവാക്കാനാണ് നവമാധ്യമ ശൃംഖലയുടെ മേധാവികൾ തീരുമാനിച്ചിരിക്കുന്നത്. ദോഷകരമായ ചില കണ്ടന്റുകൾ മൂലം കുട്ടികളും കൗമാരക്കാരും വഴിതെറ്റുന്നുവെന്നും ചില ഹാനികരമായ ഉള്ളടക്കങ്ങളിൽ അടിമകളാകുന്നുവെന്നുമുള്ള നിരന്തരമായ മുന്നറിയിപ്പുകൾ വന്നതിനെ തുടർന്നാണ് മെറ്റയുടെ തിരുത്തൽ നടപടി.സോഷ്യൽ മീഡിയ നെറ്റ്‌വർക്ക് കമ്പനി പ്ലാറ്റ്‌ഫോമുകൾ ആസക്തിയുളവാക്കുന്നതും കൗമാരക്കാരുടെ മാനസികാരോഗ്യത്തിന് ഹാനികരവുമാക്കുന്നുവെന്നും 33-ലധികം യു.എസ് സംസ്ഥാനങ്ങൾ ആരോപിച്ചതിനെ തുടർന്നാണ് ഈ നീക്കം. ഓൺലൈനിൽ ഹാനികരമായ ഉള്ളടക്കത്തിൽ നിന്ന് കുട്ടികളെ എങ്ങനെ സംരക്ഷിക്കാനാണ് പദ്ധതി എന്നത് വിശദമാക്കാൻ യൂറോപ്യൻ കമ്മീഷൻ മെറ്റായോട് ആവശ്യപ്പെട്ടിരുന്നു.
ഇതേ തുടർന്നാണ് പ്രായത്തിന് അനുയോജ്യമല്ലാത്ത മറ്റ് ഉള്ളടക്കങ്ങൾക്കൊപ്പം ഇൻസ്റ്റാഗ്രാമിൽ നിന്നും ഫേസ്ബുക്കിൽ നിന്നും ഹാനികരമായ ഉള്ളടക്കം നീക്കം ചെയ്യാൻ തുടങ്ങുമെന്ന് മെറ്റാ അറിയിച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ, റീൽസ് ആൻഡ് എക്‌സ്‌പ്ലോർ വിഭാഗത്തിൽ കൗമാരക്കാർക്ക് തങ്ങൾക്ക് പരിചിതമായ അക്കൗണ്ടുകളിൽ നിന്നു പോലുമുള്ള ഹാനികരമായ ഉള്ളടക്കങ്ങൾ കാണാനാകില്ലെന്നും മെറ്റ വ്യക്തമാക്കുന്നു.